NEWSROOM

പതഞ്ജലിയുടെ പല്‍പ്പൊടി അത്ര വെജിറ്റേറിയനല്ല; പരസ്യത്തില്‍ തെറ്റായ വിവരങ്ങള്‍; ബാബാ രാംദേവിന് നോട്ടീസയച്ച് കോടതി

പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമ്മിക്കുന്ന ദിവ്യ ദന്ത് മഞ്ജൻ ദന്തൽ കെയർ ഉല്‍‌പ്പന്നങ്ങളുടെ പാക്കറ്റിൽ വെജിറ്റേറിയൻ ആണെന്ന് കാണിക്കുന്ന ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

പരസ്യത്തിൽ തെറ്റായ വിവരം നൽകിയതിന് വീണ്ടും കുരുക്കിലായി പതഞ്ജലി. ദിവ്യ ദന്ത് മഞ്ജൻ എന്ന പൽപ്പൊടിക്കെതിരെയാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി. വെജിറ്റേറിയൻ എന്ന് രേഖപ്പെടുത്തിയ ഉൽപ്പന്നത്തിൽ നോൺ വെജിറ്റേറിയൻ ചേരുവകൾ കണ്ടെത്തിയെന്നാണ് പരാതി.

പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമ്മിക്കുന്ന ദിവ്യ ദന്ത് മഞ്ജൻ ദന്തൽ കെയർ ഉല്‍‌പ്പന്നങ്ങളുടെ പാക്കറ്റിൽ വെജിറ്റേറിയൻ ആണെന്ന് കാണിക്കുന്ന ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉല്‍പ്പന്നത്തിൽ മത്സ്യത്തിൽ കാണുന്ന സമുദ്ര ഫെൻ അടങ്ങിയിട്ടുണ്ടെന്നാണ് അഭിഭാഷകൻ യതിൻ ശർമ്മ ഹർജിയിൽ ആരോപിക്കുന്നത്.


ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമപ്രകാരം പല്‍പ്പൊടിക്ക് വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ എന്ന് രേഖപ്പെടുത്തേണ്ടതില്ല. എന്നാൽ വെജിറ്റേറിയനെന്നും ആയുർവേദ ഉല്‍പ്പന്നമെന്നും അവകാശപ്പെടുന്നത് വ്യാജമാണെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. ഉൽപ്പന്നത്തിൽ മത്സ്യത്തിൽ നിന്നുള്ള ചേരുവ ചേർത്തിട്ടുള്ളതായി ബാബാ രാംദേവ് യൂ ട്യൂബ് വീഡിയോയിൽ സമ്മതിച്ചതായും ഹർജിയിൽ പറയുന്നു.  ഹർജിയിൽ കേന്ദ്രസർക്കാരിനും, ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്കും, ബാബാ രാംദേവിനും കോടതി നോട്ടീസയച്ചു. നവംബറിലായിരിക്കും കേസ് പരിഗണിക്കുക.

SCROLL FOR NEXT