NEWSROOM

വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച; മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷിച്ച് മടങ്ങവേ ദാരുണാന്ത്യം

മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ ദമ്പതികളെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച് മടങ്ങുന്നതിനിടയിലാണ് ദാരുണമായ അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട കൂടലില്‍ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത് നവദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ച ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. ഈപ്പന്‍ മത്തായി, നിഖിന്‍ (29), അനു (26), ബിജു പി. ജോര്‍ജ്ജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ഇതില്‍ നിഖിനും അനുവും വിവാഹിതരായത് കഴിഞ്ഞ നവംബര്‍ 30 നായിരുന്നു. അനുവിന്റെ പിതാവാണ് ബിജു പി. ജോര്‍ജ്. നിഖിലിന്റെ പിതാവാണ് ഈപ്പന്‍ മത്തായി. മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ ദമ്പതികളെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ച് മടങ്ങുന്നതിനിടയിലാണ് ദാരുണമായ അപകടമുണ്ടായത്. കാനഡയില്‍ ജോലി ചെയ്യുന്ന നിഖില്‍ ഹണിമൂണ്‍ ആഘോഷവും കഴിഞ്ഞ് തിരിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു. വീടിന് ഏഴ് കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു അപകടം.


പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പുലര്‍ച്ചെ 4.15 ഓടെയായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരേയും പുറത്തെടുത്തത്.

ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ക്ക് പരിക്കേറ്റിട്ടില്ല. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.


SCROLL FOR NEXT