പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് പൊലീസ് റിപ്പോർട്ട്. ഡിഐജി അജിതാ ബീഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസൺ ഓഫീസറായി വനിതാ എസ്ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് കൗൺസിലിങ് ഉൾപ്പടെ വിദഗ്ധ ചികിത്സ ആവശ്യമാണ്, കുട്ടിയുടെ തുടർ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എസ്ഐടിയിൽ കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കായിക താരത്തെ പീഡിപ്പിച്ച കേസില്‍ ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. രണ്ടു പൊലീസ് സ്റ്റേഷനുകളിലായി 26 അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. കൂടുതൽ പ്രതികൾക്കായി അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.
കായിക താരത്തെ പീഡിപ്പിച്ച കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ALSO READ: വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; കൊല്ലത്ത് സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ
ഇപ്പോള്‍ പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി നേരിട്ട മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് പുറത്തുവന്നത്. 62 പേര്‍ ലൈംഗികമായി ചൂഷണത്തിന് ഇരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ കുട്ടിയുടെ കായികാധ്യാപകരും സഹപാഠികളും അയല്‍വാസികളുമെല്ലാം ഉള്‍പ്പെടുന്നു. പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതി വെച്ചിരുന്നു.