NEWSROOM

പത്തനംതിട്ടയിൽ 17കാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസ്: ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവ്

കടമ്മനിട്ട സ്വദേശി സജിലിനെയാണ് പത്തനംതിട്ട അഡീഷണൽ പ്രിൻസപ്പൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ 17 വയസുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്തിന് ജീവപര്യന്തം കഠിന തടവും നാല് ലക്ഷം പിഴയും. കടമ്മനിട്ട സ്വദേശി സജിലിനെയാണ് പത്തനംതിട്ട അഡീഷണൽ പ്രിൻസപ്പൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴത്തുക ശാരികയുടെ മാതാപിതാക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സജിലിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലുമാണ് പ്രധാന തെളിവുകളായത്.

2017 ജൂലൈ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി ശാരികയെ മുത്തച്ഛന് മുന്നിൽ വെച്ച് അയൽവാസിയും ആൺസുഹൃത്തുമായ സജിൽ കൊലപ്പെടുത്തിയത്. കടമ്മനിട്ടയിലെ ശാരികയുടെ ബന്ധുവീട്ടിൽ വെച്ചാണ് സജിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ​ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും വിദ​ഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ജൂലൈ 22ന് ശാരിക മരണപ്പെടുകയായിരുന്നു.

SCROLL FOR NEXT