NEWSROOM

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: വിദ്യാർഥിയെയും മാതാവിനെയും വിട്ടയച്ചു

പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം പശുവയ്ക്കൽ സ്വദേശിയെയും അമ്മയെയും തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റുമായി എത്തിയ സംഭവത്തിൽ വിദ്യാർഥിയെയും മാതാവിനെയും വിട്ടയച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം പശുവയ്ക്കൽ സ്വദേശിയെയും അമ്മയെയും തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്.

വിദ്യാർഥിക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയെന്ന് അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മ നേരത്തെ സമ്മതിച്ചിരുന്നു. തിരുപുറം സ്വദേശിയാണ് ഗ്രീഷ്മ. നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയത്. നീറ്റിന് അപേക്ഷിക്കാൻ കുട്ടിയുടെ കുടുംബം ഏൽപ്പിച്ചത് മറന്നുപോയത് കൊണ്ടാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയതെന്നാണ് ​ഗ്രീഷ്മയുടെ മൊഴി. ​ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് അക്ഷയ സെന്‍ററിലെത്തിച്ച് തെളിവെടുത്തു.

പാറശാല സ്വദേശിയായ വിദ്യാർഥിയാണ് വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്. തൈക്കാവ് വിഎച്ച്എസ്എസിലാണ് വിദ്യാർഥി പരീക്ഷയ്‌ക്ക് എത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലുള്ള ഹാള്‍ ടിക്കറ്റായിരുന്നു ഈ കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്. ഹാൾ ടിക്കറ്റിന്റെ ആദ്യ ഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർഥിയുടെ പേരുമാണ് എഴുതിയിരുന്നത്.

ഹാൾ ടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് എത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിക്ക് എങ്ങനെയാണ് വ്യാജ ഹാൾ ടിക്കറ്റ് ലഭിച്ചതെന്നുള്ള അന്വേഷണമാണ് അക്ഷയ സെന്റർ ജീവനക്കാരിയിൽ എത്തിയത്. ​ഗ്രീഷ്മയാണ് ഹാൾ ടിക്കറ്റ് നല്‍കിയതെന്ന് വിശദമായ ചോദ്യം ചെയ്യലിൽ വിദ്യാർഥി പൊലീസിന് മൊഴി നൽകുകയായിരുന്നു.

SCROLL FOR NEXT