NEWSROOM

നിരവധി സ്ഥാപനങ്ങളില്‍ 75 ശതമാനത്തിലധികം തോല്‍വി; കേരളത്തിലെ എഞ്ചിനിയറിങ് കോളേജുകളിലെ പഠന നിലവാരം ദയനീയമെന്ന് കണക്കുകള്‍

സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള 22 ശ​ത​മാ​നം എഞ്ചിനിയറിങ് കോ​ള​ജു​ക​ളി​ലെ 75 ശ​ത​മാ​നം വിദ്യാർഥികളും തോറ്റു

Author : ന്യൂസ് ഡെസ്ക്

കേരളത്തിലെ എഞ്ചിനിയറിങ് കോളേജുകളിലെ പഠന നിലവാരം ദയനീയ സ്ഥിതിയിലാണെന്ന് പുതിയ പരീക്ഷ ഫലം അടിവരയിടുന്നു. 22 ശ​ത​മാ​നം കോളേജുകളിലും 75 ശ​ത​മാ​ന​ത്തിന് മുകളിൽ വിദ്യാർഥികൾ തോറ്റു. ഈ പട്ടികയില്‍ ഒരൊറ്റ വിദ്യാർഥി പോലും ജയിക്കാത്ത കോളേജുമുണ്ട്.

സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള 128 എഞ്ചിനീയറിംഗ് കോളേജുകളിൽ 36 എഞ്ചിനീയറിംഗ് സ്ട്രീമുകളിലായി 2020-21 അധ്യയന വർഷത്തിൽ 30,923 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. അതില്‍ അവസാന വർഷ പരീക്ഷകൾക്ക് യോഗ്യത നേടിയത് 27,000 വിദ്യാർഥികള്‍. ഇതില്‍ ജയിച്ചത് 14,319 പേർ മാത്രം. വിജയശതമാനം 53.03%. കഴിഞ്ഞ അധ്യയന വർഷം ഇത് 55.6 ശതമാനമായിരുന്നു.

യൂണിവേഴ്സിറ്റിയിലെ 22 ശ​ത​മാ​നം എഞ്ചിനിയറിങ് കോ​ളേജു​ക​ളി​ലെ 75 ശ​ത​മാ​നം വിദ്യാർഥികളും തോറ്റു. 77 കോ​ളേ​ജു​ക​ളില്‍ 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യും, 26 എ​ണ്ണ​ത്തി​ല്‍ 25 ശ​ത​മാ​ന​ത്തി​ൽ താ​ഴെയും​, ആ​റ്​ കോ​ളേ​ജു​ക​ളില്‍ 10​ ശ​ത​മാ​ന​ത്തി​ൽ താ​ഴെയുമാണ് വിജയശതമാനം. ഒ​രു കോ​ളേജി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യവും.

51 കോ​ളേജു​ക​ളില്‍ മാത്രമാണ് 50 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ വിദ്യാർഥികള്‍ ജയിച്ചത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ഴ്​ ​കോ​ളേജു​ക​ൾ​ക്ക് 80 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ ജ​യ​മു​ണ്ടാ​യി​രു​ന്നെങ്കില്‍, ഇത്തവണ അത് വെറും രണ്ട് കോളേജുകളുടെ മാത്രം നേട്ടമാണ്. ഒമ്പത് പോയിന്‍റിനു മുകളില്‍ ക്യുമിലേറ്റീവ് ഗ്രേഡ് നേടിയത് 1,117 വിദ്യാർഥികളാണ്.

പെണ്‍കുട്ടികളാണ് ഇത്തവണ മുന്നില്‍. പരീക്ഷയെഴുതിയ 10,229 വിദ്യാർഥികളിൽ 6,921 പേർ വിജയിച്ചു. വിജയശതമാനം 67.66%. ടികെഎം കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ സിവിൽ വിദ്യാർഥിനി ബീമ ജിഹാന്‍, ബാർട്ടൺ ഹില്‍ ഗവൺമെൻ്റ് എഞ്ചിനിയറിങ് കോളേജിലെ അപർണ എസ്, ടികെഎം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലെ അശ്വതി ഇ എന്നിവരാണ് ആദ്യ മൂന്ന് റാങ്കിംഗിലുള്ളത്. കഴിഞ്ഞ വർഷവും ആദ്യ റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കായിരുന്നു.

ഇതിന് നേർവിപരീതമാണ് ആണ്‍കുട്ടികളുടെ ഫലം. പരീക്ഷയെഴുതിയ 16,771 ആൺകുട്ടികളിൽ ജയിച്ചത് 7,398 പേരാണ്. വിജയ ശതമാനം 44.11%. 55 ശതമാനത്തിലധികം പേരും തോറ്റു. എസ്‍സി - എസ്‍‌ടി വിഭാഗത്തില്‍ നിന്ന് 1,012 വിദ്യാർഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 262 പേർ ജയിച്ചു. ലാറ്ററൽ എൻട്രി വിഭാഗത്തിലെ 2,487 വിദ്യാർഥികളിൽ 1,181 പേർക്കാണ് ജയം.

സർക്കാർ-എയ്‌ഡഡ് കോളേജുകളാണ് കൂട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് സ്വകാര്യ സ്വാശ്രയ കോളേജുകളും. 75.94% ശതമാനമാണ് സർക്കാർ-എയ്‌ഡഡ് കോളേജുകളിലെ വിജയശതമാനം. സർക്കാർ കോളേജുകളില്‍ 71.91%, സർക്കാർ ചെലവ് പങ്കിടുന്ന സ്വാശ്രയ കോളേജുകളില്‍ 59.76%, സ്വകാര്യ സ്വാശ്രയ കോളേജുകളില്‍- 43.39% എന്നിങ്ങനെയാണ് വിജയശതമാനം.

സ്വാശ്രയ കോളേജുകളുടെ നിലനില്‍പ്പിന് വേണ്ടി എഞ്ചിനിയറിങ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കിയും മിനിമം മാര്‍ക്കില്‍ ഇളവ് നല്‍കുകയും ചെയ്ത സർക്കാർ ഉത്തരവിന്‍റെ ഫലമാണ് എഞ്ചിനിയറിങ് രംഗത്തെ തിരിച്ചടിയെന്ന വ്യാപകവിമർശനമാണ് കെടിയു ഫലത്തിന് പിന്നാലെ ഉയരുന്നത്. പത്തിലും +2-വിലും ഉന്നത വിജയം നേടി എഞ്ചിനിയറിങ്ങിന് ചേരുന്ന വിദ്യാർഥികളുടെ കൂട്ടത്തോല്‍വി, വിദ്യാഭ്യാസ രംഗത്ത് കേരളം അവകാശപ്പെടുന്ന മുന്നേറ്റത്തെയും ഗുണമേന്മയെയും ചോദ്യം ചെയ്യുന്നതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ചയില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് വഴിതുറക്കുകയാണ് കെടിയു ഫലം.

SCROLL FOR NEXT