പി.സി. ജോർജ് 
NEWSROOM

പി.സി. ജോർജിന്‍റെ 'ലൗ ജിഹാദ്' പ്രസംഗം: കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസ്

വിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ തുടരവേയാണ് സമാനമായ പരാമർശം പി.സി. ജോർജ് നടത്തിയത്

Author : ന്യൂസ് ഡെസ്ക്

വിവാദമായ 'ലൗ ജിഹാദ്'  പ്രസംഗത്തിൽ പി.സി. ജോർജിനെതിരെ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം. പാലായിൽ നടന്ന ലഹരി വിരുദ്ധ സെമിനാറിൽ ആയിരുന്നു പി.സി. ജോർജിന്റെ വിവാദ പരാമർശം.

യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദും ഈരാറ്റുപേട്ട യൂത്ത് ലീഗുമാണ് പരാതി നൽകിയിരുന്നത്. കോഴിക്കോട് മുക്കം സ്വദേശി ശരീഫ് കാരമൂലയും വിവാദ പ്രസം​ഗത്തിൽ പരാതി നൽകിയിരുന്നു. പൊലീസ് സമീപനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് യൂത്ത് ലീഗ് അറിയിച്ചു.



വിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ തുടരവേയാണ് സമാനമായ പരാമർശം പി.സി. ജോർജ് നടത്തിയത്. പാലാ ളാലത്ത് കെസിബിസി ലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോർജ്. ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകണമെന്നും 400 ഓളം പെണ്‍കുട്ടികളെ മീനച്ചില്‍ താലൂക്കില്‍ മാത്രം 'ലൗ ജിഹാദി'ലൂടെ നഷ്ടപ്പെട്ടുവെന്നുമായിരുന്നു പി.സിയുടെ പ്രസംഗം. ഇതിൽ 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും പി.സി. ജോർജ് പറഞ്ഞു. പ്രസം​ഗത്തിൽ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ പി.സി പ്രതിരോധിച്ച് മകൻ ഷോൺ ജോർജും രം​ഗത്തെത്തിയിരുന്നു. 400 അല്ല 4000 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായ കണക്കുണ്ട്. കണക്കുകള്‍ അവശ്യപ്പെട്ടാല്‍ തെളിവ് സഹിതം നല്‍കാന്‍ തയ്യാറാണെന്നും 'ലൗ ജിഹാദ്' യാഥാര്‍ഥ്യമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ലെന്നുമാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്. വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ജാമ്യ വ്യവസ്ഥയിൽ പി.സി. ജോർജിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നതാണ്.

പി.സി. ജോര്‍ജിന്റെ 'ലൗ ജിഹാദ്' പ്രസംഗത്തെ പിന്തുണച്ച് കെസിബിസിയും രം​ഗത്തെത്തിയിരുന്നു. പി.സി. ജോര്‍ജിന്റെ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശമില്ല. ഏതെങ്കിലും പ്രത്യേക മതത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിട്ടില്ലെന്നുമായിരുന്നു കെസിബിസിയുടെ നിലപാട്.

SCROLL FOR NEXT