ശുചിമുറി സൗകര്യമോ വൈദ്യുതിയോ ഇല്ലാതെ ഇന്നും ഓരോ ദിവസവും തള്ളിനീക്കുകയാണ് ചെങ്ങറയിലെ മനുഷ്യർ. ഭൂസമരത്തിൻ്റെ ഭാഗമായി പലർക്കും ഭൂമി കിട്ടിയെങ്കിലും ഇവിടെയിന്നും അറുനൂറോളം കുടുംബങ്ങൾ ബാക്കിയുണ്ട്. നിയമ തടസങ്ങൾ ഒരുപാടുണ്ടെങ്കിലും ശുചിമുറിയും വൈദ്യുതിയും ഉപയോഗിക്കാത്ത മനുഷ്യരെന്നത് ചെങ്ങറയുടെ യാഥാർത്ഥ്യമാണ്.
ചെങ്ങറയിലെ കുട്ടികൾ ഇന്നും മെഴുകുതിരി വെട്ടത്തിലാണ് പഠിക്കുന്നത്. ഇവിടുത്തെ മനുഷ്യരുടെ ജീവിതവും സ്വപ്നങ്ങളും ഉരുകി തീരുന്നത് മുഴുവൻ ഭരണകൂടങ്ങളുടെയും മുന്നിലാണ്. റേഷൻ കാർഡോ, വൈദ്യുതിയോ, ശുചിമുറിയോ, വെള്ളമോ ഇല്ലാതെ ഗർഭിണികളും പ്രായപൂർത്തിയായ പെൺകുട്ടികളുമടങ്ങുന്ന വലിയൊരു വിഭാഗം ജനത ഇങ്ങനെയാണിവിടെ ജീവിക്കുന്നത്.
അരികുവൽക്കരണത്തിൻ്റെ എല്ലാ ഭീകരതകളും കണ്ടുമടുത്ത ഇവർ, ഇപ്പോഴും ആവശ്യപ്പെടുന്നത് വെള്ളവും വൈദ്യുതിയുമാണ്. മറ്റുള്ളവരെ പോലെ ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പോകാൻ മറ്റൊരിടമില്ലാത്തതിനാലാണ് ഇവിടെ തുടരുന്നതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ചെങ്ങറ സമരത്തിൽ വലിയൊരു വിഭാഗത്തിന് പട്ടയം ലഭിച്ചു. എന്നാൽ അതിൽ പലർക്കും വാസയോഗ്യമല്ലാത്ത പാറക്കെട്ടുകൾ ഉൾപ്പെടെയാണ് ലഭിച്ചതെന്നും അവർ പറയുന്നു.