NEWSROOM

പകുതിവില തട്ടിപ്പ് കേസ്; എ.എന്‍. രാധാകൃഷ്ണനെതിരെ ബിജെപിയില്‍ പടയൊരുക്കം; സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കാന്‍ ഒരു വിഭാഗം

കഴിഞ്ഞ ദിവസമാണ് എറണാകുളം സ്വദേശി ഗീത എ.എന്‍. രാധാകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Author : ന്യൂസ് ഡെസ്ക്


പകുതി വില തട്ടിപ്പ് കേസില്‍ പൊലീസില്‍ പരാതി വന്നതോടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. പണം നല്‍കി പരാതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതും ബിജെപിക്കകത്ത് അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഒരു വിഭാഗം എ.എന്‍. രാധാകൃഷ്ണനെതിരെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് എറണാകുളം സ്വദേശി ഗീത എ.എന്‍. രാധാകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി കേസില്‍ നിന്ന് പിന്മാറാന്‍ ഒരു ലക്ഷം രൂപ നല്‍കിയെന്നും പരാതി പിന്‍വലിക്കുകയാണെന്നും ഗീത തന്നെ പറഞ്ഞിരുന്നു.

എ.എന്‍. രാധാകൃഷ്ണനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ദയവായി പിന്‍മാറണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. പരാതി നല്‍കിയത് കൊണ്ടാണ് പണം തിരികെ കിട്ടിയതെന്നും ഗീത പറഞ്ഞു. എ.എന്‍. രാധാകൃഷ്ണന്‍ പണം വാങ്ങി കബളിപ്പിച്ചതായാണ് എടത്തല സ്വദേശി ഗീത പരാതിപ്പെട്ടത്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

എ.എന്‍. രാധാകൃഷ്ണന്‍ 2024 മാര്‍ച്ച് 10-ാം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടത്തിയത്. പകുതി വിലയ്ക്ക് വണ്ടി കിട്ടുമെന്ന് പറഞ്ഞുകേട്ടാണ് അവിടെ എത്തിയതെന്നും പരാതിക്കാരി പറയുന്നു. ബുക്കിങ് കഴിഞ്ഞ് പത്ത് നൂറ് പേരുടെ കയ്യില്‍ നിന്ന് പണം വാങ്ങി. 90 ദിവസത്തിനുള്ളില്‍ വാഹനം കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല്‍, അത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ല. പല സ്ഥലങ്ങളിലും ഇതിന് വേണ്ടി കയറിയിറങ്ങി. പെരുമ്പാവൂര്‍, പൊന്നുരുന്നി, ഏലൂര്‍ തുടങ്ങി പല സ്ഥലങ്ങളിലും ടോക്കണ്‍ തരാനെന്നും മറ്റും പറഞ്ഞ് കൊണ്ടു പോയിട്ടുണ്ടെന്നുമാണ് പരാതിക്കാരി പറഞ്ഞത്.


SCROLL FOR NEXT