NEWSROOM

"സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നു, സാദിഖലി തങ്ങളെ സ്ഥാനങ്ങളിൽ നിന്ന് നീക്കണം"; സമസ്തയ്ക്ക് പരാതി നൽകി SKSSF

സാദിഖലി തങ്ങളുടെ പ്രവൃത്തികൾ സമസ്തയുടെ നയങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് വഴിവെക്കുന്നു എന്നും കത്തിൽ പരാമർശമുണ്ട്

Author : ന്യൂസ് ഡെസ്ക്

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്തയ്ക്ക് പരാതി നൽകി എസ്കെഎസ്എസ്എഫ് നേതാക്കൾ. പാണക്കാട് സാദിഖലി തങ്ങൾ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് പരാതി. സമസ്തയുടെ തീരുമാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സിഐസി പ്രസിഡൻ്റായി തുടരുന്നു. സമസ്തയുടെ സംഘടന സ്ഥാനങ്ങളിൽ നിന്ന് സാദിഖലി തങ്ങളെ നീക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സാദിഖലി തങ്ങളുടെ പ്രവൃത്തികൾ സമസ്തയുടെ നയങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് വഴിവെക്കുന്നു എന്നും കത്തിൽ പരാമർശമുണ്ട്.

നേരത്തെ ക്രിസ്മസ് കേക്ക് വിവാദത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പരോക്ഷ മറുപടി നൽകിയിരുന്നു. ഒരു വാക്ക് പറയുമ്പോള്‍ അതുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന ഗുണം എന്താണെന്നാണ് ചിന്തിക്കേണ്ടത്. അല്ലാതെ ചാനലുകള്‍ അത് ഏറ്റെടുക്കുമോ എന്നല്ല നോക്കേണ്ടതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ആരെങ്കിലും ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കണം. ലഭിക്കുന്ന ഭക്ഷണം കഴിക്കണം. അല്ലാതെ കുഴിമന്തി തന്നെ വേണമന്ന് നിര്‍ബന്ധം പിടിക്കരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവുമൊത്താണ് സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് മുറിച്ചത്. ഇതിന് പിന്നാലെ വലിയ വിവാദം സമസ്തക്കകത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ടിരുന്നുസൗഹൃദപരമായിട്ടായാലും അല്ലെങ്കിലും സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് കഴിച്ചത് തെറ്റാണെന്നായിരുന്നു ഹമീദ് ഫൈസിയുടെ വാദം. സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു സാദിഖലി തങ്ങള്‍ ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് കഴിച്ചതിനെതിരെ ശക്തമായി രംഗത്തെത്തിയത്.

SCROLL FOR NEXT