ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുകയാണ് വയനാട് പേരിയ ടൗണിലെ വ്യാപാരികളും ടാക്സി തൊഴിലാളികളും. കാലവർഷത്തിൽ തകർന്ന വയനാട് നൊടുംപൊയിൽ ചുരം റോഡ്, ഇനിയും പുനർനിർമിക്കാത്തത് ചൂണ്ടിക്കാട്ടിയാണ്, ഇത്തരമൊരു പ്രതിഷേധത്തിന് ഇവർ ഒരുങ്ങുന്നത്. പേരിയ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികളും നാട്ടുകാരും തെരഞ്ഞടുപ്പ് ബഹിഷ്ക്കരണ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വയനാട്ടിൽ നിന്ന് കണ്ണൂരിലേക്കുള്ള പാതയിലെ നെടുംപൊയിൽ-പേരിയ ചുരത്തിന്റെ ഒരു ഭാഗത്താണ് വിള്ളൽ വീണത്. ഇതോടെ രണ്ടര മാസമായി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വിള്ളൽ പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഗതാഗതത്തിന് ഒരു ബദൽ സംവിധാനം പോലും ഏർപ്പെടുത്താതെ റോഡ് കുഴിച്ച് അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്താണ് പുനർ നിർമാണം നടത്തുന്നത്. മന്ദഗതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ഒരു തൊഴിലാളിയും മരിച്ചു. റോഡിൻ്റെ ശോച്യാവസ്ഥ കാട്ടി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിട്ടും ഒരു ഇടപെടലുമുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണ നീക്കം.