പേരൂർക്കടയിലെ ദളിത് സ്ത്രീക്കെതിരായ പൊലീസ് അതിക്രമത്തിൽ രാഷ്ട്രീയ രാഷ്ട്രീയ സാമൂഹിക പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ നാലുവർഷം പൊലീസ് എങ്ങനെ ആയിരുന്നു എന്നതിൻ്റെ ഉദാഹരണമാണ് പേരൂർക്കടയിലെ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. ബിന്ദുവിൻ്റെ വീട്ടിലെത്തി കെപിസിസി അധ്യക്ഷൻ ഐക്യദാർഢ്യം അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നൽകിയ പരാതി തുറന്നുപോലും നോക്കിയില്ലെന്ന ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി നിഷേധിച്ചു.
തനിക്കെതിരായ ബിന്ദുവിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതി ലഭിച്ചയുടൻ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നതായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പറഞ്ഞു. പരാതിക്കാരായ വീട്ടുകാർ കേസെടുക്കണം എന്ന് പറഞ്ഞപ്പോഴാണ് കോടതിയെ സമീപിക്കണമെന്ന് പറഞ്ഞത്. സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാരുടെ മൊഴിയെടുക്കുന്നു. കൻ്റോൻമെന്റ് അസി. കമ്മീഷണറാണ് പേരൂർക്കട സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയെടുക്കുന്നതെന്നും പി. ശശി ന്യൂസ് മലയാളത്തോട് പറഞ്ഞു.
സർക്കാരില്ലായ്മയാണ് നാലു വർഷത്തെ എൽഡിഎഫ് ഭരണത്തിൻ്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ നാലുവർഷം പൊലീസ് എങ്ങനെ ആയിരുന്നു എന്നതിൻ്റെ ഉദാഹരണമാണ് പേരൂർക്കടയിലെ സംഭവമെന്നും വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖം വെയ്ക്കാനും മന്ത്രിമാരെ പ്രമോട്ട് ചെയ്യാനും പരസ്യം നൽകുന്നതിലൂടെ കോടികൾ ചെലവഴിക്കുകയാണ്. കേരളത്തിലെ സാമ്പത്തിക സ്ഥിതി ആകെ തകർന്നു. എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ലഹരി മരുന്നുകൾ വ്യാപകമാക്കിയത് സർക്കാർ നയങ്ങളാണെന്നും വി.ഡി. സതീശൻ വിമർശിച്ചു.
പരാതികൾ ഇല്ലാത്തവിധം വിഷയം പരിഹരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. കേരളത്തിലേത് ജനപക്ഷത്തുനിൽക്കുന്ന സർക്കാരാണ്. ഉചിതമായ നടപടിയുണ്ടാകുമെന്നും എം.എ.ബേബി നിലപാടറിയിച്ചു. തിരുവനന്തപുരത്ത് ദളിത് യുവതിക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ കൂടുതൽ നടപടി വേണമെന്ന് മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിയും ആവശ്യപ്പെട്ടു. ബിന്ദുവിനെ അപമാനിച്ച മറ്റുള്ളവർക്കെതിരെയും നടപടി വേണമെന്ന് മുൻ എംപി ആവശ്യപ്പെട്ടു. എസ്ഐക്ക് സസ്പെൻഷൻ നൽകിയ നടപടി സ്വാഗതാർഹമെന്നും പി.കെ.ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, പേരൂർക്കട സ്റ്റേഷനിലെ ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴി കൻ്റോൻമെന്റ് അസിസ്റ്റൻ്റ് കമ്മീഷണർ സ്റ്റുവർട്ട് കീലർ രേഖപ്പെടുത്തി. കൂടുതൽ പൊലീസുകാർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.