പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ ലോഡിങ് തൊഴിലാളിയായ ജിതിൻ കൊലപാതകത്തിൽ പ്രതി പിടിയിൽ. റാന്നി പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണുവാണ് പിടിയിലായത്. നൂറനാട് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൂട്ടുപ്രതികളും പിടിയിലായെന്നാണ് സൂചന. ആയുധങ്ങൾ സഹിതമാണ് പ്രതിയെ പിടികൂടിയത്. ആർ എസ് എസ് പ്രവർത്തകരാണ് പിടിയിലായത്. ജിതിൻ കൊല്ലപ്പെട്ടക്കേസിൽ മൂന്ന് പേരെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജിതിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധമറിയിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് സിപിഎം ആരോപിച്ചു. ജിതിനെ വെട്ടിയ ജിഷ്ണു സജീവ ബിജെപി പ്രവർത്തകൻ ആണ്. ആർഎസ്എസ് ബിജെപി സംഘം കൊലക്കത്തി താഴെ വയ്ക്കണമെന്നും സിപിഐഎം സംസ്ഥാന നേതൃത്വം പറഞ്ഞു.
പെരുനാട്ടിൽ യുവാവ് കുത്തി കൊല ചെയ്യപ്പെട്ട സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഈ സംഭവം ബിജെപിയുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് വി. എ. സൂരജ് ആരോപിച്ചു. ഇത് പ്രതിഷേധാർഹമാണ്. ബിജെപിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ഒരു ബിജെപി പ്രവർത്തകനും ഈ സംഭവവവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും വി. എ. സൂരജ് പറഞ്ഞു.
പത്തനംതിട്ടയിലെ കൊലപാതകം ക്രൂരവും പ്രതിഷേധാർഹവുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിന് കളങ്കം വരുത്തുന്നതാണ് പെരുന്നയിലെ സംഭവം. അക്രമികളെ അതിവേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തൊഴിലാളികൾ ശക്തമായി പ്രതിഷേധിക്കണം. ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. ആർഎസ്എസുകാരൻ ആണ് കൊലപാതകം നടത്തിയതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ഞായാറാഴ്ച രാത്രി പത്ത് മണിയോടെയാണ് ജിതിൻ കൊല്ലപ്പെട്ടത്. പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്. റാന്നി പെരുനാട് സ്വദേശിയാണ് ജിതിൻ. സംഘർഷത്തിൽ രണ്ടു പേർക്കാണ് കുത്തേറ്റത്. ഇരുവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ കൊല്ലപ്പെടുകയായിരുന്നു.