NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത്; ഹര്‍ജിയുമായി നിര്‍മാതാവ് ഹൈക്കോടതിയില്‍

റിപ്പോർട്ട് പുറത്തുവിടുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാവ് സജി മോന്‍ പാറയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. റിപ്പോർട്ട് പുറത്തുവിടുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. 

തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി.എം മനോജിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടയാള്‍ക്ക് സാംസ്കാരിക വകുപ്പ് ഇന്ന് പകര്‍പ്പ് കൈമാറാനിരിക്കെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്. 

2019 ഡിസംബര്‍ 31-ന് അന്തിമ റിപ്പോര്‍ട്ട് കൈമാറിയിട്ടും ഇതിലെ വിശദാംശങ്ങള്‍ പുറത്തുവിടാതെ സര്‍ക്കാര്‍ ഇത്രയും കാലം പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നത്. വിവരാവകാശ കമ്മീഷന്റെ നിർദേശ പ്രകാരം വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലാത്ത പൂർണമല്ലാത്ത റിപ്പോർട്ടാണ് കൈമാറുക. 

SCROLL FOR NEXT