NEWSROOM

തിരഞ്ഞെടുപ്പിൽ പന്തയം വെക്കുന്ന ഫലോഡി സട്ടാ ബസാർ

അറിയാം ജംഗ്ലീ റമ്മിയും ഡ്രീം ഇലവനുമെല്ലാം പന്തയരംഗത്തെത്തും മുൻപേ വാതുവെപ്പിൻ്റെ അവസാന പേരായി മാറിയ ഫലോഡി സട്ടാ ബസാറിനെ കുറിച്ച്..

Author : പ്രണീത എന്‍.ഇ

400 സീറ്റുകൾ ബിജെപിക്ക് ഇല്ലെന്ന ഒപ്പീനിയൻ പോളുകളോ രാഷ്ട്രീയ ചർച്ചകളോ ആയിരുന്നില്ല ഇത്തവണ ബിജെപി നേതാക്കളെ ഭയപ്പെടുത്തിയത് . രാജസ്ഥാനിലെ കൊച്ചുനഗരമായ ഫലോഡിയിൽ നിന്നുമൊരു പ്രവചനമുയർന്നു. നാന്നൂറിന് പകരം 296 മുതൽ 300 വരെ സീറ്റുകൾ നേടി ബിജെപി ആശ്വസിക്കേണ്ടി വരുമെന്നായിരുന്നു ഫലോഡിയിൽ നിന്നെത്തിയ പ്രവചനം. ഫലോഡി മാർക്കറ്റിൽ നിന്നെത്തിയ ഈ പ്രവചനത്തിലേക്കായിരുന്നു പിന്നീട് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ. ഉപ്പും പ്ലാസ്റ്റർ ഓഫ് പാരീസും വിൽക്കുന്നതിനൊപ്പം വാതുവെപ്പുകൂടി മുഖ്യ വ്യവസായമാക്കിയ ഫലോഡിയിൽ നിന്നുയരുന്ന ഊഹങ്ങൾ മാധ്യമങ്ങൾ പെട്ടന്നങ്ങ് തള്ളി കളയാറില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം പിന്നിടുമ്പോൾ ബിജെപിക്ക് ഒരുപക്ഷെ കഴിഞ്ഞ വർഷത്തേക്കാൾ കുറവ് സീറ്റുകളെ ലഭിക്കുള്ളൂ എന്നാണ് ഫലോഡി സട്ട ബസാർ അഥവാ ഫലോഡി വാതുവെപ്പ് മാർക്കറ്റ് കണക്കുകൂട്ടുന്നത്. ഫലോഡിയിലെ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ പലപ്പോഴും അച്ചട്ടായിട്ടുമുണ്ട്. ഒപ്പീനീയൻ പോളുകളെയും രാഷ്ട്രീയനിരീക്ഷകരെയും വെല്ലാൻ ഒരു വാതുവെപ്പ് മാർക്കറ്റിന് എങ്ങനെയാണ് സാധിക്കുന്നത്? അറിയാം ഇന്ത്യയുടെ വാതുവെപ്പ് മാർക്കറ്റായ ഫലോഡിയെ കുറിച്ച്..

മഴ മുതൽ തിരഞ്ഞെടുപ്പ് വരെ..

ജോധ്പൂറിൽ നിന്നും 160 കിലോമീറ്റർ മാറി ഏകദേശം ആറ് ലക്ഷം മാത്രം ജനസഖ്യയുള്ള നഗരമാണ് ഫലോഡി. തിരഞ്ഞെടുപ്പ് കാലത്ത് ഇത്രയേറെ ശ്രദ്ധ നേടുന്ന ഫലോഡിയിലെ വാതുവെപ്പുകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. മുംബൈയിലെ വെള്ളിആഭരണ മാർക്കറ്റിലെ ദല്ലാളുകൾ ഫലോഡിയിലെത്തി വാതുവെപ്പ് തുടങ്ങുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 1860-70 കാലഘട്ടത്തിലാണ് ചെറിയ പന്തയങ്ങളുമായി ഫലോഡി മാർക്കറ്റ് ആരംഭിക്കുന്നത്. ഥാർ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഫലോഡിയിലെ മഴയെയും കാലവസ്ഥയെയും ചൊല്ലിയായിരുന്നു ആദ്യകാലങ്ങളിൽ വാതുവെപ്പ് നടന്നത്. കൃഷിയെയും വിളവെടുപ്പിനെയും ചൊല്ലിയായി പിന്നീട് വാതുവെപ്പ്.

എൺപതുകളിൽ റേഡിയോ തത്സമയ സംപ്രേക്ഷണം ആരംഭിച്ചതോടെ ഫലോഡിയിലെ പ്രധാന വാതുവെപ്പ് വിഷയമായി ക്രിക്കറ്റ് മാറി. ടെലിവിഷൻ്റെ വരവുകൂടിയായപ്പോൾ വാതുവെപ്പിനായെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തെ വാതുവെപ്പാണ് ഫലോഡിക്ക് ഇത്രയധികം മാധ്യമ ശ്രദ്ധ നേടി കൊടുത്തത്. പാർട്ടികൾ ആരെ മത്സരിപ്പിക്കും, ആര് ജയിക്കും എത്ര സീറ്റുകൾ നേടി ജയിക്കും, പ്രധാന മന്ത്രി, മുഖ്യമന്ത്രി സ്ഥാനത്തേക്കാരെത്തും തുടങ്ങിയവയാണ് ഫലോഡിയിലെ തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാതുവെപ്പ് വിഷയങ്ങൾ.

രാവിലെ 11 മണിയോടെ സജീവമാകുന്ന ഫലോഡി ബസാറിൽ വൈകീട്ട് അഞ്ച് മണിവരെ നേരിട്ടും ഫോൺ കോളുകൾ വഴിയും നിരവധി ആളുകളാണ് പന്തയത്തിനെത്തുന്നത്. പണം വെച്ച് വാതുവെക്കുന്ന ആളുകളുടെ അഭിപ്രായം അത്ര എളുപ്പത്തിൽ തള്ളികളയാവുന്നതല്ലെന്നത് തന്നെയാണ് ഫലോഡിയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് റിപ്പോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നേടിക്കൊടുത്തത്. എന്നാൽ ഫലോഡിയിൽ പോയൊരു പന്തയം വെച്ചു കളയാമെന്നാണെങ്കിൽ അതത്ര എളുപ്പമല്ല. വാട്സ്ആപ്പ് വഴിയും സട്ടാ മാർക്കറ്റിന് വിശ്വസ്തരായ ആളുകൾക്ക് മാത്രം ലഭ്യമായ സ്വകാര്യ വെബ്സൈറ്റുകൾ വഴിയുമാണ് ആളുകളിവിടെ വാതുവെപ്പ് നടത്തുന്നത്. നിയമപരമല്ലാത്തതിനാലും അനവധി ആളുകൾ വഴി തർക്കങ്ങൾ വർധിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് വാതുവെപ്പിന് പുതുതായെത്തുന്ന ആളുകളെ ഫലോഡി ബസാർ പൊതുവെ സ്വീകരിക്കാറില്ല.

ഫലോഡിയുടെ തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 379 സീറ്റുകളും കോൺഗ്രസ് 41-43 വരെ സീറ്റുകളും നേടുമെന്നായിരുന്നു തുടക്കത്തിൽ ഫലോഡി സട്ട ബസാറിൻ്റെ പ്രവചനം. എന്നാൽ നാലാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോളിങ്ങ് ശതമാനത്തിലെ ഇടിവുൾപ്പെടെ കണക്കിലെടുത്ത് സീറ്റുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായി. കോൺഗ്രസിന് 58 മുതൽ 62 വരെ സീറ്റുകളും ബിജെപിക്ക് 296 മുതൽ 300 വരെ സീറ്റുകളും ലഭിക്കുമെന്നാണ് ഇപ്പോൾ ഫലോഡി മാർക്കറ്റിൻ്റെ പ്രവചനം. മാർക്കറ്റിൻ്റെ സ്വകാര്യ വെബ്സൈറ്റിൽ കയറി ഈ കണക്കിന് അനുകൂലമായോ പ്രതികൂലമായോ ഒരാൾക്ക് പന്തയം വെക്കാം.

ഏകദേശ ഫലം വിലയിരുത്തുന്നതിനായി ട്രെൻഡുകൾ വിശകലനം ചെയ്യാനും ഡാറ്റ ശേഖരിക്കാനും ഫലോഡി ബസാറിന് സംസ്ഥാനങ്ങളിലുടനീളം ടീമുകളുണ്ട്. സാമൂഹിക സാഹചര്യങ്ങളും ജാതിസമവാക്യങ്ങളും കൃത്യമായി വിലയിരുത്തിയ ശേഷമാണ് ബസാറിൽ പന്തയനിരക്ക് നിശ്ചയിക്കുന്നത്. ഫലോഡിയുടെ പ്രവചനം ഭേദിച്ച് ബിജെപി 350 വരെ സീറ്റുകൾ നേടിയാൽ നിക്ഷേപിച്ച ഓരോ രൂപക്കും മൂന്നു രൂപ പ്രതിഫലമായി കിട്ടും. എന്നാൽ ബിജെപി 400 സീറ്റുകളിൽ വിജയിക്കുകയാണെങ്കിൽ ഓരോ രൂപക്കും 12 മുതൽ 15 രൂപ വരെയാണ് തിരിച്ച് ലഭിക്കുക. അതായത് ഫലോഡി ബസാറിൻ്റെ പ്രവചനം തെറ്റിയെങ്കിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് തിരിച്ച് ലഭിക്കാൻ പോകുന്നത് 15 ലക്ഷം രൂപയാണ്!

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 180 കോടിയുടെ വാതുവെപ്പാണ് ഇതുവരെ ഫലോഡിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കണക്കുകൾ ഇനിയും ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫലോഡിയുടെ പ്രവചനങ്ങൾ കൃത്യമാണെന്ന് സാധൂകരിക്കുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. 2022-ൽ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വിജയിക്കുമെന്ന പ്രവചനവും കൃത്യമായിരുന്നു. എന്നാൽ വാതുവെപ്പും തർക്കങ്ങളും പരിധി കവിഞ്ഞാൽ അല്ലെങ്കിൽ രാഷ്ട്രീയ സാഹചര്യങ്ങൾ കലുഷമായാൽ ഫലോഡി നിശ്ചലമാവും. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ടപ്പോഴും 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴുമെല്ലാം ഫലോഡി ബസാറിലെ പന്തയങ്ങൾ ഒത്തുതീർപ്പാക്കുകയും നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.

വാതുവെപ്പ് നിയപരമാണോ ?

വാതുവെപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിയമമില്ലെങ്കിലും അപകട സാധ്യതകൾ മുൻനിർത്തി സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ രാജസ്ഥാൻ സർക്കാർ നിയമപരമായി വാതുവെപ്പ് നിരോധിച്ചിട്ടുണ്ട്. അൻപതിനായിരത്തിലധികം കേസുകളാണ് പന്തയവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഫലോഡിയിലെ വാതുവെപ്പിനെതിരെ ഇതുവരെ കാര്യമായ നടപടികളുണ്ടായിട്ടില്ല. മാർക്കറ്റിലെ വാതുവെപ്പ് കേന്ദ്രങ്ങളെല്ലാം സമൂഹികമായും രാഷ്ട്രീയമായും പ്രബലരായ ബ്രാഹ്മണസമുദായത്തിൽ നിന്നുള്ളവരായതിനാലാവാം വാതുവെപ്പുകൾ തുടരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടുകാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ചേർന്ന് സട്ടാ ബസാറിൻ്റെ പേര് ഫലോഡി ഹെറിറ്റേജ് ബസാർ എന്ന് മാറ്റി. വാതുവെപ്പ് നഗരമെന്ന പേര് മാറ്റണമെന്ന ഉദ്ദേശത്തിലായിരുന്നു ഈ നീക്കം. എന്തായാലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ആര് ജയിക്കുമെന്നതിൽ വോട്ടർമാർക്കും സ്ഥാനാർത്ഥികൾക്കുമൊപ്പം ആശങ്കയുണ്ട് ഫലോഡിയിലെ വാതുവെപ്പുകാർക്ക്.  

SCROLL FOR NEXT