NEWSROOM

ഫോൺ ചോർത്തല്‍ ആരോപണം: പി.വി. അന്‍വറിനെതിരെ കേസെടുക്കാൻ തെളിവുകളില്ലെന്ന് പൊലീസ് റിപ്പോർട്ട്

മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവറിന് എതിരായ ഫോൺ ചോർത്തല്‍ ആരോപണത്തിൽ കേസെടുക്കാൻ തെളിവുകൾ ഇല്ലെന്ന് പൊലീസ് റിപ്പോർട്ട്. മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

മലപ്പുറം ഡിവൈഎസ്പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. പി.വി. അൻവറിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വേനൽ അവധിക്ക് ശേഷമാകും ഇനി ഈ ഹർജി കോടതി പരി​ഗണിക്കുക.

പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് പി.വി. അൻവർ തന്നെയാണ് വെളിപ്പെടുത്തിയത്. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് 2024 സെപ്റ്റംബർ ഒന്നിന് മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിലമ്പൂർ മുൻ എംഎൽഎ പറഞ്ഞത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിയും പ്ലാനറുമായ മുരുകേഷ് നരേന്ദ്രൻ മലപ്പുറം എസ്പിക്കും ഡിജിപിക്കും പരാതി നൽകിയത്. മുരുകേഷ് ചീഫ് സെക്രട്ടറിക്ക് നിവേദനവും നൽകിയിരുന്നു. എന്നിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണ് നിഷ്പക്ഷ അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. രാജ്യ സുരക്ഷ, പൊതു അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ ഇത്തരത്തിലുള്ള ഫോൺ ചോർത്തല്‍ അനുവദനീയമല്ലെന്നാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സ്വകാര്യ സംവിധാനത്തിലൂടെ അൻവർ ഫോൺ ചോർത്തിയത് നിയമവിരുദ്ധമാണെന്നും കേസെടുക്കണമെന്നുമായിരുന്നു ഹർജിക്കാന്റെ ആവശ്യം.

സ്വർണക്കടത്തും കൊലപാതകവും അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ പൊലീസ് തലപ്പത്ത് നടക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താൻ രാഷ്ട്രീയക്കാരുടെയും പൊലീസുകാരുടെയും ഫോണുകൾ ചോർത്തിയെന്നായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ.  മുരുകേഷിന്റെ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

SCROLL FOR NEXT