പി.വി. അന്‍വറിനെതിരായ ഫോണ്‍ ചോർത്തല്‍ പരാതി സദുദ്ദേശപരമെന്ന് പരാതിക്കാരന്‍ തോമസ് പീലിയാനിക്കൽ. അൻവർ പൊതുപ്രവർത്തകൻ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് പരാതിക്കാരന്‍ പറഞ്ഞു. രഹസ്യം ചോർത്താനുള്ള അധികാരം അദ്ദേഹത്തിനില്ല. അന്‍വർ തെളിവ് ഹാജരാക്കിയിട്ടില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരം മാത്രമേ തനിക്കുള്ളൂവെന്നും തോമസ് വ്യക്തമാക്കി.
സെപ്റ്റംബർ 5നാണ് തോമസ് പീലിയാനിക്കൽ അന്‍വറിനെതിരെ പരാതി കൊടുത്തത്. പരാതിക്ക് പിന്നിൽ മറ്റ് സമ്മർദങ്ങളില്ലെന്നും ആരുടെയും നിർദേശപ്രകാരമല്ലെന്നും തോമസ് വ്യക്തമാക്കി. കേസെടുത്ത ശേഷം തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. 12 വർഷം മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും ഇപ്പോൾ രാഷ്ട്രീയമില്ലെന്നും തോമസ് പറഞ്ഞു. കോൺഗ്രസിൽ നിന്നും രാജി വെച്ചത് പ്രാദേശിക പ്രശ്നങ്ങൾ മൂലമാണ്. തെറ്റ് കണ്ടാൽ പ്രതികരിക്കുക എന്നത് കൊണ്ടാണ് പരാതി കൊടുത്തതെന്നും തോമസ് പീലിയാനിക്കൽ കൂട്ടിച്ചേർത്തു.
Also Read: പൊലീസുകാരുടെ ഫോൺ ചോർത്തൽ: പി.വി. അൻവർ എംഎൽഎക്കെതിരെ കേസെടുത്തു
തോമസ് പീലിയാനിക്കലിൻ്റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് അന്‍വറിനെതിരെ കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപശ്രമം നടത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. ടെലി കമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫോൺ ചോർത്തിയതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, രാഷ്ട്രീയനേതാക്കള്‍, മാധ്യമപ്രവർത്തകര്‍ എന്നിവരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിനൊപ്പമായിരുന്നു വെളിപ്പെടുത്തല്‍. എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്നായിരുന്നു അൻവർ മാധ്യമങ്ങളോട് പറയുകയായിരുന്നു.