കൊച്ചിയിൽ ഡിജെ അലൻ വാക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈൽ ഫോണുകൾ എത്തിച്ചത് ഡൽഹിയിലെ ചോർ ബസാറിലെന്ന് കണ്ടെത്തൽ. മൂന്ന് ഐഫോണുകളിൽ നിന്നായി സിഗ്നലുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ചോർ ബസാറിൽ എത്തിച്ച് ഫോണുകൾ ഓരോ ഭാഗങ്ങളായി അഴിച്ച് വിൽപ്പന നടത്താനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നു. പ്രത്യേക അന്വേഷണ സംഘം ഉടൻ ഡൽഹിയിലെത്തും.
അതേ സമയം കുപ്രസിദ്ധ മോഷ്ടാവ് അസലം ഖാൻ്റെ സംഘത്തിലെ 5 പേരുടെ ചിത്രങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബംഗ്ളൂരൂ സ്റ്റേഷനിൽ നിന്നാണ് ചിത്രങ്ങൾ ശേഖരിച്ചത്2023 ൽ സമാനമായ മോഷണം നടത്തിയ പ്രതികളുടെ ചിത്രങ്ങളാണ് ശേഖരിച്ചത്. മോഷണത്തിന് പിന്നിൽ ഡൽഹിയിൽ നിന്നുള്ള സംഘം ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിഐപി ടിക്കറ്റിൽ അകത്ത് കടന്ന എട്ടംഗ സംഘമാണ് മൊബൈൽ മോഷണം നടത്തിയത്. സംഭവത്തിൽ ഇതുവരെ 60ഓളം പരാതികൾ മുളവുകാട് പൊലീസിന് ലഭിച്ചിട്ടുണ്ട്.
വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചി ബോൾഗാട്ടി പാലസിൽ നടന്നത്. 5000 ത്തിലേറെപ്പേർ പങ്കെടുത്ത സംഗീതനിശയിൽ കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നീരിക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നാണ് പ്രതികൾ മോഷണം നടത്തിയത്.