NEWSROOM

കണ്ണൂർ തളിപ്പറമ്പിൽ ഹോസ്റ്റലിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ് ലൂര്‍ദ് നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനി ആൻമരിയയാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിലാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ്  നേഴ്സിങ് കോളജ്  വിദ്യാർഥിനിയും എറണാകുളം തോപ്പുംപടി സ്വദേശിനിയുമായ ആൻമരിയയാണ് മരിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. ക്ലാസുണ്ടായിരുന്നെങ്കിലും ആൻ മരിയ ഇന്ന് പോയിരുന്നില്ല. വൈകിട്ട് സഹപാഠികള്‍ എത്തി അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ ശുചിമുറി പൂട്ടിയിരിക്കുന്നതായി ശ്രദ്ധിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോൾ, ആൻ മരിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ തളിപ്പറമ്പ് പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ആൻമരിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും മെഡിക്കൽ വിദ്യാർഥിയുടെ മരണം. അമ്മുവിൻ്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.

മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പത്തനംതിട്ട പൊലീസ് മൂവരെയും കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുകളിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മു സജീവിന്റെ മരണത്തില്‍ ആരോപണ വിധേയരാണ് മൂന്നുപേരും. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.



SCROLL FOR NEXT