NEWSROOM

'56 വർഷങ്ങൾക്കുശേഷം മൃതദേഹത്തിന്റെ ഭാഗങ്ങളെങ്കിലും ലഭിച്ചത് കുടുംബത്തിന് ആശ്വാസം പകരുന്നതാണ്': തോമസ് ചെറിയാന് അനുശോചനം അർപ്പിച്ച് പിണറായി വിജയൻ

തോമസ് ചെറിയാന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്തംഗ് പാസിൽ നിന്നുമാണ് കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

1968 ഫെബ്രുവരി 7ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിൽ കാണാതായ മലയാളി സൈനികൻ തോമസ് ചെറിയാന് അനുശോചനം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

അനുശോചന കുറിപ്പിന്റെ പൂർണരൂപം:

ഹിമാചൽ പ്രദേശിലെ മഞ്ഞുമലയിൽ 1968 ൽ ഉണ്ടായ വിമാന അപകടത്തിൽ കാണാതായ, സൈനികൻ പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ ശരീര ഭാഗങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 56 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിൻറെ മൃതദേഹത്തിന്റെ ഭാഗങ്ങളെങ്കിലും ലഭിച്ചത് വേർപാടിന്റെ വേദനയിലും കുടുംബത്തിന് ആശ്വാസം പകരുന്നതാണ്. തോമസ് ചെറിയാന് ആദരം അർപ്പിക്കുന്നു. ബന്ധുമിത്രാദികളുടെ വ്യസനത്തിൽ പങ്കുചേരുന്നു.


1968 ഫെബ്രുവരി 7ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിൽ കാണാതായ മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം 56 വർഷത്തിന് ശേഷം കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചത്. തോമസ് ചെറിയാന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്തംഗ് പാസിൽ നിന്നുമാണ് കണ്ടെത്തിയത്. ഇന്ത്യൻ ആർമിയുടെ ദോഗ്ര സ്കൗട്ടും, തിരംഗ മൗണ്ടൻ റെസ്ക്യൂ ടീമും സംയുക്തമായി നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.


അതേസമയം, തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ജന്മനാട്ടില്‍ എത്തിക്കും. പൊതുദർശനത്തിനും ഭവന ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സമാപന ശുശ്രൂഷയും സൈന്യത്തിന്റെ ബഹുമതികളും നൽകി സംസ്കരിക്കും.

SCROLL FOR NEXT