സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ കുടിശിക ഉടൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധി കാരണം ചില മാസങ്ങളിൽ പെൻഷൻ മുടങ്ങി. പക്ഷെ, പരമാവധി വിതരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. നേരത്തെ മുടങ്ങിപ്പോയ പെൻഷനും കൊടുക്കുന്നുണ്ട്. ഈ മാസം ഓണത്തിന് രണ്ട് ഗഡു പെൻഷൻ ആണ് ലഭ്യമാക്കിയത്. ജീവനക്കാരുടെ ക്ഷാമ ബത്തയുടെ കാര്യത്തിലും ശമ്പള പരിഷ്കരണത്തിൻ്റെ കാര്യത്തിലും സമാനമായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കുടിശിക നൽകണമെന്ന് കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടും നടപടിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കിഫ്ബി അടക്കമുള്ള വായ്‌പകളെ പൊതു വായ്പാ പരിധിയിൽ ഉൾപ്പെടുത്തി കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നു. പിരിച്ചെടുക്കുന്ന നികുതി പകുതി പോലും ലഭിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി മുന്നോട്ടുപോക്കിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നിട്ടും ക്ഷേമ പെൻഷൻ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് രണ്ടു മാസമായി ക്ഷേമ പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. ഓണത്തിനു മുമ്പ് രണ്ടു ഗഡുക്കളായി വിതരണം ചെയ്യുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അറുപത് ലക്ഷത്തോളം പേർക്ക് 3,200 രൂപ വീതമാണ് പെൻഷൻ നൽകേണ്ടത്. ഇതിനായി 1800 കോടി രൂപ വകയിരുത്തിയിരുന്നു.