NEWSROOM

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ വീണ്ടും മലയാളിത്തിളക്കം; അഭിനന്ദനവുമായി മുഖ്യമന്ത്രി

നാളെ ഇതിലും വലിയ നേട്ടങ്ങൾ തേടിവരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു

Author : ന്യൂസ് ഡെസ്ക്

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ വീണ്ടും മലയാളിത്തിളക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയിലുണ്ടാവുന്ന സർഗാത്മക വളർച്ചയുടെയും മാറ്റങ്ങളുടെയും പ്രതിഫലനങ്ങളാണ് പുരസ്കാരങ്ങളെന്നും,  കേരളത്തിന്റെ യശസുയർത്തിയ എല്ലാ പുരസ്കാര ജേതാക്കൾക്കും,  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ ഇതിലും വലിയ നേട്ടങ്ങൾ തേടിവരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഇന്ന് ഉച്ചയോടെയാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആനന്ദി ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ആനന്ദ് ഏകര്‍ഷിക്കാണ്. കന്നഡ ചിത്രം കാന്താരയിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനായും, നടിമാരായി നിത്യാ മേനോനും (തിരുച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്‌പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. 2022ലെ ചലച്ചിത്ര പുരസ്കാരങ്ങളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. 309 സിനിമകള്‍ ഫീച്ചര്‍ വിഭാഗത്തിലും 130 ചിത്രങ്ങള്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും പരിഗണിച്ചു.

ALSO READ: സംസ്ഥാന ചലച്ചിത്ര പുരസ്കാരം: പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും നടിമാര്‍, കാതല്‍ മികച്ച സിനിമ

ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം നേടി. മികച്ച ബാലതാരമായി മാളികപ്പുറം സിനിമയിലൂടെ മാസ്റ്റര്‍ ശ്രീപഥ് തെരഞ്ഞെടുക്കപ്പെട്ടു. സൗദി വെള്ളക്കയിലെ ഗാനത്തിലൂടെ ബോംബേ ജയശ്രീ മികച്ച ഗായികയായി. മികച്ച തമിഴ് സിനിമയായി മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 1, മികച്ച കന്നഡ സിനിമയായി പ്രശാന്ത് നീലിന്‍റെ കെജിഎഫ് 2, മികച്ച തെലുങ്ക് സിനിമയായി കാര്‍ത്തികേയ 2 വും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഹിന്ദി സിനിമയായി ഗുല്‍മോഹറും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആക്ഷന്‍ സംവിധാനത്തിന് കെജിഎഫിലൂടെ അന്‍പറിവും മികച്ച നൃത്ത സംവിധാനത്തിന് തിരുച്ചിട്രമ്പലത്തിലൂടെ ജാനി മാസ്റ്ററും പുരസ്കാരം നേടി. അര്‍ജിത്ത് സിങ്ങാണ് മികച്ച ഗായകന്‍, പൊന്നിയിന്‍ സെല്‍വനിലൂടെ രവി വര്‍മന്‍ മികച്ച ഛായാഗ്രാഹകനായി. പൊന്നിയിന്‍ സെല്‍വനിലെ പശ്ചാത്തല സംഗീതത്തിലൂടെ എ.ആര്‍. റഹ്മാന് മികച്ച പശ്ചാത്തല സംഗീതത്തിലുള്ള പുരസ്കാരത്തിന് അര്‍ഹനായി. ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് പാട്ടുകളൊരുക്കിയ പ്രീതമാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച നോണ്‍ ഫീച്ചര്‍ സിനിമയുടെ സംവിധായകനായി മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരി ഫ്രം ദ ഷാഡോസിലൂടെ നേടി.

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി പൃഥ്വിരാജും മികച്ച നടിയായി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോര്‍ ആണ് മികച്ച സിനിമ. ഹിന്ദി സംവിധായകനും നിര്‍മാതാവുമായ സുധീര്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി 160 എന്‍ട്രികളാണ് ഇത്തവണ അവാര്‍ഡിനായി എത്തിയത്. പ്രാഥമിക ജൂറിയുടെ വിലയിരുത്തലിലൂടെ തെരഞ്ഞെടുത്ത സിനികളാണ് അന്തിമ ഘട്ടത്തില്‍ പരിഗണിച്ചത്.

SCROLL FOR NEXT