പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളോട് അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് നേരിൽ കാണണമെന്ന് മൂന്നാമതൊരു വ്യക്തി മുഖേന ആവശ്യപ്പെട്ടിട്ടും പിന്നെയും വാർത്താസമ്മേളനം നടത്തി. പാർട്ടി അധ്യക്ഷൻ്റെയോ മുഖ്യമന്ത്രിയുടെയോ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കാണേണ്ടിയിരുന്നത്. അതല്ല അദ്ദേഹം ചെയ്തത്, പിന്നെയും മാധ്യമങ്ങളെ കണ്ടു. അത് സിപിഎമ്മിൻ്റെ ഭാഗമായി നിൽക്കുന്ന ഒരാൾ ചെയ്യുന്ന രീതിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ആരോപണം വന്നെന്ന് കരുതി ആരെയും പുറത്താക്കില്ലെന്നതാണ് സർക്കാരിൻ്റെ നിലപാട്. തൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റിയുടെ കൂടെ ഭാഗമാണ്. ഈ സർക്കാരിൻ്റെ നിയമപരമായ കാര്യങ്ങൾ ചെയ്യാനാണ് പി. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയോഗിച്ചത്. അൻവറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. അങ്ങനെ ചെയ്താൽ ശശിയെന്നല്ല ആരായാലും അവിടെ ഇരിക്കില്ല. ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പി.വി. അൻവർ എന്തൊക്കെയോ കാര്യങ്ങൾക്കായി പി. ശശിയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടാകാം. അതിന് വഴങ്ങാത്തതിൻ്റെ പേരിലാകാം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
READ MORE: എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി; 'അന്വേഷണം നടക്കുന്നുണ്ട്; നടപടി റിപ്പോർട്ട് വന്ന ശേഷം'
പി.വി. അൻവറിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞ് ഗവർണർ പരാതി നൽകിയിട്ടുണ്ട്. അൻവർ ആവശ്യപ്പെട്ടിട്ട് കേട്ടിട്ടില്ലെന്ന് പി. ശശി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം വന്നു കഴിഞ്ഞാൽ ആരെയും മാറ്റില്ല. അൻവറിന് കമ്മ്യൂണിസ്റ്റ് പാരമ്പര്യമില്ല, അദ്ദേഹം കോൺഗ്രസിൽ നിന്ന് വന്നയാളാണ്. പി.വി. അൻവർ പരസ്യമായി ചാനലുകളോട് പറഞ്ഞു കൊണ്ടിരുന്നപ്പോൾ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. അന്വേഷണം പുരോഗമിക്കുകയാണ്. സർക്കാർ മുൻവിധിയോടെ ഒരു കാര്യത്തെയും സമീപിക്കില്ല. പറയാൻ പാടില്ലാത്ത കാര്യം പറഞ്ഞതിനാണ് എസ്‌പിയെ സസ്പെൻഡ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
READ MORE: 'മാധ്യമങ്ങൾ നൽകിയത് ഞെട്ടിപ്പിക്കുന്ന കണക്കുകൾ, കേരളം അപമാനിക്കപ്പെട്ടു': വയനാട് കണക്ക് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി
പൊലീസ് കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്നുവെന്ന ആരോപണം ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിൻ്റെ ഭാഗത്ത് നിന്നും തെറ്റുണ്ടായാൽ നടപടിയെടുക്കും. അതേസമയം, പൊലീസിന് നിർഭയമായും സ്വതന്ത്രമായും പ്രവർത്തിക്കാനുള്ള അവസരമൊരുക്കും. സേനയുടെ മനോവീര്യം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമം അംഗീകരിക്കില്ല. ആരോപണം ഉയർന്നാൽ ആ വിഷയം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസിനെ നിർവീര്യമാക്കി സ്വർണക്കടത്ത് തുടരണമെന്ന് കരുതുന്ന ചിലരുണ്ടാകാം. അവർക്ക് കുടപിടിക്കുന്ന നടപടിയുണ്ടാകില്ല. 2023ൽ ഡാൻസാഫ് 1200 ഗ്രാം സ്വർണം 950 ഗ്രാമിൽ താഴെയാണ് ഹാജരാക്കിയതെന്ന വിവരവും മുഖ്യമന്ത്രി വെളിപ്പെടുത്തി. അതിന് ശേഷം 2022-24 കാലയളവിൽ പിടിച്ചെടുത്ത സ്വർണം കണക്കാക്കുന്നതിനും സീൽ ചെയ്യുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിച്ചിരുന്നു. പാൻ്റിലും അടിവസ്ത്രത്തിലും ലേയറായി അടുക്കിയാണ് സ്വർണം കടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.