NEWSROOM

ടോക്കിയോയിൽ പിസ്റ്റൾ തകരാർ കണ്ണീരണിയിച്ചു; ഇക്കുറി പാരിസിൽ മനു ഭാക്കറിന്റേത് മധുര പ്രതികാരം

ഏറ്റവും കൂടുതൽ സെന്റർ ഇന്നർ ഷോട്ടുകൾ തൊടുത്താണ് താരം തന്റെ മുന്നേറ്റം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ തുടക്കത്തിലെ നിരാശയ്ക്ക് ശേഷം ഇന്ത്യക്ക് സന്തോഷവാര്‍ത്ത. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മനു ഭാക്കര്‍ ഫൈനലിലേക്ക് യോ​ഗ്യത നേടി. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30നാണ് മെഡല്‍ പോരാട്ടം. യോഗ്യതാ റൗണ്ടില്‍ 580 പോയന്‍റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ്, മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാക്കറുടെ മുന്നേറ്റം.

മനു ഭാക്കറുടെ ഫൈനൽ പ്രവേശനത്തിന് ഒരു മധുരപ്രതികാരത്തിന്റെ കഥ കൂടി പറയാനുണ്ട്. 2020 ടോക്കിയോ ഒളിംപിക്സിന്റെ യോ​ഗ്യതാ റൗണ്ടിൽ പിസ്റ്റൽ തകരാർ കാരണം മനു ഭാക്കറിന് പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. എന്നാൽ ഇപ്പോഴിതാ, 2024 പാരിസ് ഒളിംപിക്സിൽ മൂന്നാം സ്ഥാനത്തോടെയാണ് മനു ഭാക്കർ ഫൈനൽ പ്രവേശനം ഉറപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സെന്റർ ഇന്നർ ഷോട്ടുകൾ തൊടുത്താണ് താരം തന്റെ മുന്നേറ്റം നടത്തിയത്.

യോഗ്യതാ റൗണ്ടില്‍ ആകെ തൊടുത്ത 60 ഷോട്ടുകളില്‍ 27 എണ്ണവും ലക്ഷ്യത്തിന് അടുത്തെത്തിക്കാന്‍ മനുവിനായി. ഒളിംപിക്സ് 10 മീറ്റർ പിസ്റ്റൾ ഫൈനൽ യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടവും മനു ഭാക്കര്‍ സ്വന്തമാക്കി. അതേസമയം, മനുവിനൊപ്പം മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം റിഥം സങ്‌വാന് ഫൈനല്‍ യോഗ്യത നേടാനായില്ല. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്.

SCROLL FOR NEXT