നിയമസഭ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും ജയില്‍ മോചിതരായി. ജയിലിനു മുന്നില്‍ പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി.
വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുമെന്ന് ഇരു നേതാക്കളും പ്രതികരിച്ചു. പ്രതിപക്ഷ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിക്കുന്നു. സമരങ്ങളെ അടിച്ചമര്‍ത്തിയാലും പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് പി.കെ ഫിറോസ് പറഞ്ഞു.
പിണറായി വിജയനെ അധികാര കസേരയില്‍ നിന്ന് പുറത്താക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകും. കള്ളക്കേസ് ചുമത്തി സമരങ്ങളെ അടിച്ചമര്‍ത്തി പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടുകയാണ് സര്‍ക്കാര്‍. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കി യുഡിവൈഎഫ് മുന്നോട്ടുപോകുമെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
അതിശക്തമായ സമരങ്ങളുമായി ഇനിയും മുന്നോട്ടുവരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. പ്രതിപക്ഷ യുവജന സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായി. പ്രവര്‍ത്തകരുമായി ഒരുമിച്ച് ചിലവഴിക്കാന്‍ സമയം തന്നതിന് പിണറായി വിജയന് നന്ദിയുണ്ട്.
പ്രതിപക്ഷ യുവജന സംഘടനയിലെ നേതാക്കള്‍ക്ക് തിരുവനന്തപുരത്ത് പ്രവേശനം നല്‍കരുത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. യാതൊരുവിധ അക്രമവും നടത്താത്ത സമരത്തിന് നേരെ സര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നുവെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭാ മാര്‍ച്ചിനിടെയാണ് പി.കെ. ഫിറോസും രാഹുല്‍ മാങ്കൂട്ടത്തിലും അടക്കം 37 പേര്‍ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ജയില്‍ മോചനം. നേതാക്കളേയും പ്രവര്‍ത്തകരേയും സ്വീകരിക്കാന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും ജയില്‍ കവാടത്തില്‍ എത്തി.
ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ തുക പ്രതികള്‍ കെട്ടിവയ്ക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ നേരിട്ട് ഹാജരാകണം. മൂന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നിങ്ങനെയാണ് ഉപാധികള്‍.