മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സർക്കാരിൻ്റെ സൽപേര് ഇല്ലാതാവുകയാണെന്നും കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു. പി.വി. അൻവർ കോൺഗ്രസുകാരനാണോ സിപിഎംകാരനാണോ എന്നതല്ല, ഉയർത്തിയ ആരോപണങ്ങളാണ് ഇപ്പോൾ വിഷയം. അൻവർ യുഡിഎഫിലേക്കെന്നത് ചർച്ചയിലും ചിന്തയിലും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കിയ സംഭവം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിഷയമാണ്. എന്നാൽ ഇന്ന് ഇതിന് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല. താമിർ ജിഫ്രി കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമല്ല. മലപ്പുറം ജില്ലയിലെ പൊലീസ് വൈകല്യങ്ങൾ ലീഗ് നേരത്തെ ഉന്നയിച്ച വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. വയനാട് ചൂരൽമല ദുരന്തത്തിലെ സംശയകരമായ രേഖകൾ പുറത്തുവരാൻ പാടില്ലായിരുന്നു. ഇത് മൂലം സർക്കാറിൻ്റെ സൽപേര് ഇല്ലാതാവുകയാണ് ചെയ്തതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ALSO READ: പി.വി. അൻവറെ തള്ളി മുഖ്യമന്ത്രി; പി. ശശിക്ക് ക്ലീൻ ചിറ്റ്, ആരോപണം വന്നെന്ന് കരുതി ആരെയും പുറത്താക്കില്ലെന്ന് മറുപടി
അൻവർ കോൺഗ്രസുകാരനാണോ സിപിഎം കാരനാണോ എന്നല്ല വിഷയം, എംഎൽഎ ഉന്നയിച്ച വിഷയങ്ങളാണ് ഗൗരവതരം. ആരോപണങ്ങളിൽ അന്വേഷണം നിഷ്‌പക്ഷമായിരിക്കണം. ആരോപണ വിധേയൻ തന്നെ വിഷയം അന്വേഷിക്കുന്ന നടപടി പാടില്ലെന്നും നേതാവ് പറഞ്ഞു. അതേസമയം പി.വി. അൻവർ യുഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് അത് ചർച്ചയിലും ചിന്തയിലുമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളോട് അതൃപ്തി പ്രകടിപ്പിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം. അൻവറിനോട് നേരിൽ കാണണമെന്ന് മൂന്നാമതൊരു വ്യക്തി മുഖേന ആവശ്യപ്പെട്ടിട്ടും പിന്നെയും വാർത്താസമ്മേളനം നടത്തി. പാർട്ടി അധ്യക്ഷൻ്റെയോ മുഖ്യമന്ത്രിയുടെയോ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കാണേണ്ടിയിരുന്നത്. അതല്ല അദ്ദേഹം ചെയ്തത്, പിന്നെയും മാധ്യമങ്ങളെ കണ്ടു. അത് സിപിഎമ്മിൻ്റെ ഭാഗമായി നിൽക്കുന്ന ഒരാൾ ചെയ്യുന്ന രീതിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.