ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട ഹർജികളിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. മസ്ജിദുകളിലെ സർവേകൾ അടക്കമുള്ള നടപടികൾ കോടതി തടഞ്ഞു. മറ്റ് കോടതികളില്‍ നിലവിലുള്ള ഹര്‍ജികളില്‍ പുതിയ ഉത്തരവുകള്‍ നല്‍കുന്നതും വിലക്കി. കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് ഇത് സംബന്ധിച്ച് വിശദീകരണം തേടി. 1991ലെ ആരാധനാലയ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഹർജികളാണ് സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിച്ചത്.
മസ്ജിദുകളില്‍ സര്‍വേക്കായി സിവില്‍ കോടതികള്‍ ഇടക്കാല ഉത്തരവിടുന്നതിന് കോടതി വിലക്കേർപ്പെടുത്തി. കോടതികളില്‍ നിലവിലുള്ള ഹര്‍ജികളില്‍ മറ്റ് ഉത്തരവുകള്‍ നല്‍കുന്നതിനും കോടതിയുടെ വിലക്കുണ്ട്. ആരാധനാലയ നിയമത്തില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യായ അടക്കമുള്ളവർ നൽകിയ ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാൻ നൽകിയ അപേക്ഷകൾ കോടതി അനുവദിച്ചു.
1991ലെ ആരാധനാലയ നിയമം രാജ്യത്തെ എല്ലാ മതങ്ങളുടെയും മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് കക്ഷി ചേരാൻ നൽകിയ അപേക്ഷകളിൽ പറയുന്നത്. കഴിഞ്ഞ 33 വര്‍ഷമായി രാജ്യത്ത് ഈ നിയമം നിലവിലുണ്ട്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍ ഈ നിയമത്തിന്റെ നിര്‍ണായക പ്രസക്തിയെ അടിവരയിടുന്നതാണെന്നായിരുന്നു മുസ്ലിം ലീഗിൻ്റെ ഹർജിയിൽ പറഞ്ഞിരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ദിദ് കമ്മിറ്റി, സിപിഎം എന്നീ വിഭാഗങ്ങളും കക്ഷി ചേർന്നിട്ടുണ്ട്. ഹർജികള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്. കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതിയോട് നാലാഴ്ചക്കകം വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.