NEWSROOM

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചോ? കനത്ത സുരക്ഷയില്‍ തലസ്ഥാനം

എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും റാണയെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി വിജയകുമാര്‍ യാദവിന് മുന്നില്‍ ഹാജരാക്കുക.

Author : ന്യൂസ് ഡെസ്ക്


മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും അവ്യക്തത തുടരുന്നു. റാണയെ ഇന്ത്യയിൽ എത്തിച്ചോ എന്ന കാര്യത്തിൽ എൻഐഎ ഇതുവരെ സ്ഥിരീകരണം നൽകിയില്ല. 

ഡല്‍ഹി എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ സ്‌റ്റേഷനിലായിരിക്കും റാണയുമായുള്ള പ്രത്യേക വിമാനം ഇറക്കുക. പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കിയായിരിക്കും തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കുകയെന്നുമാണ് റിപ്പോർട്ട്. 

എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും റാണയെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി വിജയകുമാര്‍ യാദവിന് മുന്നില്‍ ഹാജരാക്കുക. ഡല്‍ഹി ആസ്ഥാനത്ത് റാണയെ ചോദ്യം ചെയ്യും. റാണയെ തിഹാര്‍ ജയിലിലായിരിക്കും പാര്‍പ്പിക്കുക. ജയിലിനകത്തും പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം തഹാവൂര്‍ റാണയെ മുംബൈയിലേക്ക് അയക്കില്ലെന്നാണ് വിവരം.

തലസ്ഥാനത്ത് ബിഎസ്എഫിനെ നിയോഗിച്ച് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. മെട്രോ ഗേറ്റ് അടക്കം പൂട്ടി പ്രദേശത്ത് ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം, തഹാവൂര്‍ റാണയെ പാകിസ്ഥാനും കൈയൊഴിഞ്ഞു. പാകിസ്ഥാന്‍ പൗരനല്ലെന്നാണ് പാക് വിദേശകാര്യമന്ത്രി അറിയിച്ചത്. വര്‍ഷങ്ങളായി രേഖകളൊന്നും പുതുക്കിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.

SCROLL FOR NEXT