NEWSROOM

ബ്രസീലിലെ ജനവാസമേഖലയിൽ വിമാനം വീണുതകർന്നു; 61 മരണം

വിമാനത്തിലുണ്ടായിരുന്നവരെല്ലാം സംഭവസ്ഥലത്തുനിന്ന് തന്നെ മരിച്ചതായി വിമാനകമ്പനി സ്ഥിരീകരിച്ചു

Author : ന്യൂസ് ഡെസ്ക്

ബ്രസീലിൽ ജനവാസമേഖലയിൽ വിമാനം വീണുതകർന്ന് 61 പേർക്ക് ദാരുണാന്ത്യം. സാവോ പോളോയ്ക്ക് സമീപം വിൻഹെദോ നഗരത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് ബ്രസീലിയൻ വിമാന കമ്പനിയായ വോപാസ് ലിൻഹാസ് ഏരിയസ് പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ച വിമാനം കത്തിയമരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സംഭവസ്ഥലത്തു നിന്ന് തന്നെ മരിച്ചതായി വിമാനകമ്പനി സ്ഥിരീകരിച്ചു.

വിൻഹെദോയിലുള്ള വീട്ടു വളപ്പിലാണ് വിമാനം വീണതെങ്കിലും പ്രദേശത്തുള്ള ആർക്കും പരിക്കില്ല. 57 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നകതെന്നും അതിജീവിതരായി ആരും തന്നെയില്ലെന്നും വിമാന കമ്പനി വ്യക്തമാക്കി. വെറും ഒരു മിനിറ്റുകൊണ്ടാണ് വിമാനം 17,000 അടിയിൽ നിന്ന് താഴേക്ക് പതിച്ചത്. വിമാനം നിയന്ത്രണംവിട്ട് കറങ്ങി താഴേക്ക് പതിക്കുന്നതിൻ്റെയും പുക ഉയരുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുകയാണ്.

450 മൈൽ അകലെയുള്ള കസ്‌കാവലിൽ നിന്നായിരുന്നു വിമാനം പറന്നുയർന്നത്. ഇവിടെനിന്ന് സാവോ പോളോയിലേക്ക് വോപാസ് വിമാനകമ്പനി ദിവസേന സർവീസ് നടത്തുന്നുണ്ട്. 2010ൽ നിർമിച്ച ഇരട്ട എഞ്ചിൻ വിമാനത്തിന് 68 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്നു. വോപാസ് വെള്ളിയാഴ്ച സാവോ പോളോയിൽനിന്ന് കസ്‌കാവലിലേക്ക് സർവീസ് നടത്താൻ ഉപയോഗിച്ചിരുന്നത് ഇതേ വിമാനമായിരുന്നു. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട സ്ഥലത്ത് അതിതീവ്ര മഞ്ഞിൻ്റെ മുന്നറിയിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ പരിശോധനകൾക്കുശേഷമേ അപകടകാരണം വ്യക്തമാവുകയുള്ളൂ. അപകടസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടരുകയാണ്.

SCROLL FOR NEXT