NEWSROOM

ബ്രസീലിൽ വിമാനം ശക്തിയായി ഉലഞ്ഞു; 30 പേർക്ക് പരുക്ക്

അപകടത്തിന് പിന്നാലെ വിമാനം വഴിതിരിച്ച് വിട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ബ്രസീലിൽ വിമാനം ആകാശത്ത് വെച്ച് ശക്തമായി ഉലഞ്ഞതിനു പിന്നാലെ മുപ്പത് പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. മാഡ്രിഡിൽ നിന്ന് മോണ്ടെവീഡിയോയിലേക്ക് പറന്ന എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ എന്ന വിമാനത്തിൻ്റെ ഇളക്കം അനിയന്ത്രതമായതോടെ അടിയന്തര ലാൻഡിങ്ങ് നടത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനം വഴിതിരിച്ച് വിട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

325 യാത്രികരുണ്ടായിരുന്ന വിമാനം ബ്രസീലിയൻ തീരത്തെത്തിയപ്പോൾ പ്രക്ഷുബ്ദമാകുകയായിരുന്നെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. എമർജൻസി ലാൻഡിങ്ങിന് നടത്തിയപ്പോൾ തന്നെ ആംബുലൻസ് എത്തുകയും പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരുടെ തല വിമാനത്തിൽ ഇടിക്കുകയും തലയോട്ടിയിൽ ഒടിവുകളും മുഖത്ത് മുറിവുകളും ഉൾപ്പെടെയുള്ള പരിക്കുകളും ഉണ്ടായിട്ടുണ്ടെന്നും സംഘം കൂട്ടിച്ചേർത്തു.

അന്തരീക്ഷ വായുവിൻ്റെ മർദ്ദത്തിലുണ്ടാവുന്ന വ്യതിയാനമാണ് ടർബലൻസിന് അഥവാ വിമാനം ആടിയുലയാൻ കാരണമാവുന്നത്. ഇത്തരത്തിലുള്ള ചെറിയ ഉലയലുകൾ വലിയ അപകടസാധ്യത ഇല്ലാത്തതാണെങ്കിലും കഴിഞ്ഞ ദിവസം സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ മ്യാൻമറിൽ വെച്ചുണ്ടായ രൂക്ഷമായ ടർബലൻസ് മൂലം ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരുക്കുകളുണ്ടാവുകയും ചെയ്തിരുന്നു.

SCROLL FOR NEXT