NEWSROOM

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

കൂടുതൽ ബാച്ചുകൾ അനുവദിക്കുന്നത് വരെ സത്യാഗ്രഹം തുടരാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഈ മാസം 19ന് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് എം.കെ. മുനീർ എംഎൽഎ അറിയിച്ചു. കൂടുതൽ ബാച്ചുകൾ അനുവദിക്കുന്നത് വരെ സത്യാഗ്രഹം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് സ‍ർക്കാർ മലപ്പുറത്തും കാസ‍ർകോഡും സർക്കാർ അധിക സീറ്റുകൾ അനുവദിച്ചത്. മലപ്പുറത്ത് 74 സ്കൂളുകളിലായി 120 താത്കാലിക ബാച്ചുകളും, കാസർഗോഡ് 18 സ്കൂളുകളിൽ 18 താത്കാലിക ബാച്ചുകളുമാണ് അനുവദിച്ചത്. പ്രവേശന നടപടികൾ അവസാന ഘട്ടത്തിലിരിക്കെ താത്കാലിക സീറ്റുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിക്കുകയായിരുന്നു.

പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിച്ചെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സീറ്റ് പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല എന്നാണ് പ്രതിപക്ഷത്തിൻ്റെ വാദം. 5,300ൽ അധികം കുട്ടികൾ ഇപ്പോഴും പ്രവേശനം ലഭിക്കാതെ പുറത്താണ്. കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്ന സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. ജൂലൈ 19ന് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നിൽ യുഡിഎഫ് അനിശ്ചിതകാല സത്യഗ്രഹം നടത്തും.

അതേസമയം മലബാറില്‍ ഇനി സീറ്റ് പ്രതിസന്ധിയില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ക്ലാസ് തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും സീറ്റിന്‍റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നത് പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാക്കുകയാണ്.

SCROLL FOR NEXT