NEWSROOM

കുന്നംകുളത്ത് പ്ലസ്‌ടു വിദ്യാർഥിയെ ജൂനിയർ വിദ്യാർഥികൾ മർദിച്ച സംഭവം: ഹോസ്റ്റൽ വാർഡനെതിരെ ആരോപണവുമായി കുട്ടിയുടെ അമ്മ

ഹോസ്റ്റൽ വാർഡൻ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്നാണ് അമ്മയുടെ ആരോപണം. ചികിത്സ നൽകാൻ വൈകിപ്പിച്ചതിന്റെ കാരണം വാർഡൻ വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ന്യൂസ്‌ മലയാളത്തിന് ലഭിച്ചു.

Author : ന്യൂസ് ഡെസ്ക്

കുന്നംകുളത്ത് ജൂനിയർ വിദ്യാർഥികൾ ചേർന്ന് പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെതിരെ ആരോപണവുമായി കുട്ടിയുടെ അമ്മ. ഹോസ്റ്റൽ വാർഡൻ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്നാണ് അമ്മയുടെ ആരോപണം. ജൂനിയർ വിദ്യാർഥികളുടെ പ്രവർത്തിയെ വാർഡൻ ന്യായീകരിച്ചെന്നും അമ്മ ആരോപിച്ചു. ചികിത്സ നൽകാൻ വൈകിപ്പിച്ചതിന്റെ കാരണം വാർഡൻ വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ന്യൂസ്‌ മലയാളത്തിന് ലഭിച്ചു.

കുട്ടിയെ മാരകയുധങ്ങൾ ഉപയോഗിച്ചാണ് മർദിച്ചതെന്ന് അമ്മ പറയുന്നു. സ്റ്റെപ്പിൽ നിന്ന് വീണുവെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. വഴക്ക് കൂടിയാണ് പരിക്ക് പറ്റിയത് എന്ന് പറഞ്ഞാൽ മരുന്ന് കിട്ടില്ലെന്ന വിചിത്ര വാദമായിരുന്നു ഇതിൽ ഹോസ്റ്റൽ വാർഡൻ ഉയർത്തിയത്. സ്റ്റെപ്പിൽ നിന്ന് വീണതാണെന്ന് കുട്ടിയാണ് ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും വാർഡൻ പറയുന്നു.

കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ കുന്നംകുളത്തെ ഹോസ്റ്റൽ മുറിയിൽ വെച്ച് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം അറ്റുപോയിരുന്നു. പരിക്കേറ്റ വിദ്യാർഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. മർദന വിവരം സ്കൂൾ അധികൃതർ മറച്ചു വച്ചുവെന്ന ആരോപണം കുടുംബം നേരത്തെ ഉയർത്തിയിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതിപെട്ടാൽ വിദ്യാർഥിക്കെതിരെ റാഗിങ് കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നാണ് കുടുംബത്തിൻ്റെ ആരോപണം. കുന്നംകുളം പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.



SCROLL FOR NEXT