NEWSROOM

പശ്ചിമ ബംഗാൾ ട്രെയിൻ ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; മരണം 15 ആയി

എക്‌സിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും പറഞ്ഞു. എക്‌സിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും അപകടത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.

അപകടം ദൗർഭാഗ്യകരമെന്നും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, സാരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും, നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും അടിയന്തിര സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പശ്ചിമ ബംഗാളിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 60 പേർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ചവരിൽ 2 ലോക്കോ പൈലറ്റുമാരും ഒരു ഗാർഡും ഉൾപ്പെടുന്നു. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജൽപായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപമത്തെത്തിയപ്പോൾ ഗുഡ്‌സ് ട്രെയിൻ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

SCROLL FOR NEXT