NEWSROOM

"ഭീകര വിരുദ്ധ പോരാട്ടത്തിന് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം"; തീരുമാനം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന അടിയന്തര യോഗത്തില്‍

ഭീകരരെ നേരിടാനുള്ള സമയവും രീതിയും ലക്ഷ്യവും സൈന്യത്തിന് നിശ്ചയിക്കാം

Author : ന്യൂസ് ഡെസ്ക്

ഭീകര വിരുദ്ധ പോരാട്ടത്തിന് സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിൽ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭീകരരെ നേരിടാനുള്ള സമയവും രീതിയും ലക്ഷ്യവും സൈന്യത്തിന് നിശ്ചയിക്കാം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, ദേശീയ സുരക്ഷാ മേധാവി അജിത് ഡോവൽ എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ യോ​ഗത്തിൽ പങ്കെടുത്തത്.

ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് രാജ്യത്തിന്‍റെ ദൃഢനിശ്ചയമാണെന്നും ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞാതായാണ് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.  കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ആഭ്യന്തരമന്ത്രി അമിത് ഷായും  രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ തലവൻ മോഹൻ ഭഗവതും പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

കര, വ്യോമ, നാവിക സേന മേധാവിമാരും അടിയന്തര യോഗത്തിൽ പങ്കെടുത്തിരുന്നു. സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നിലവിലെ സ്ഥിതിഗതികൾ യോ​ഗത്തിൽ വിശദീകരിച്ചു. അതിർത്തിയിലെ സാഹചര്യങ്ങളും വിലയിരുത്തി. പഹൽഗാം ഭീകരാക്രമണവും ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനായുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്. കശ്മീരിലെ സുരക്ഷയ്‌ക്കൊപ്പം അതിർത്തിയിലെ സേനാ വിന്യാസവും ചർച്ചയായി. നാളത്തെ മന്ത്രിസഭാ യോഗത്തിൽ വിശദീകരിക്കേണ്ട കാര്യങ്ങൾ, തുടർച്ചയായ അഞ്ചാം രാത്രിയും പാകിസ്ഥാൻ സൈനികരുടെ വെടിനിർത്തൽ കരാർ ലംഘനം, എന്‍ഐഎ അന്വേഷണം എന്നിവയെപ്പറ്റിയും ചർച്ച ചെയ്തു.

ദേശീയ സുരക്ഷ സംബന്ധിച്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി നാളെ വീണ്ടും യോഗം ചേരാനിരിക്കെയായിരുന്നു ഇന്നത്തെ കൂടിക്കാഴ്ച. ഏഴ് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സുരക്ഷാ കാബിനറ്റ് കമ്മിറ്റി വിഷയം ചർച്ച ചെയ്യുന്നത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗങ്ങൾ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോ​ഗത്തിന് പിന്നാലെ റോഡ്- ഗതാഗത മന്ത്രി, ആരോഗ്യ മന്ത്രി, കൃഷി മന്ത്രി, റെയിൽവേ മന്ത്രി എന്നിവർ ഉൾപ്പെടുന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റിയുടെ യോഗവും ചേർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.


SCROLL FOR NEXT