NEWSROOM

G7 ഉച്ചകോടി; ആഗോള നേതാക്കളുമായി ഇന്ത്യ ഇന്ന് ചർച്ചകൾ നടത്തും

ഔട്ട്റീച്ച് രാജ്യമെന്ന നിലയിലാണ് ഇന്ത്യ G7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്

Author : ന്യൂസ് ഡെസ്ക്

50-ാമത് G7 ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആഗോള നേതാക്കളുമായി ചർച്ചകൾ നടത്തും. ഔട്ട്റീച്ച് രാജ്യമെന്ന നിലയിലാണ് ഇന്ത്യ G7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുക, അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന വിഷയങ്ങളിൽ ഊന്നിയ ചർച്ചകളാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇതോടൊപ്പം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഊർജം, ഗാസ, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലെ സംഘർഷം തുടങ്ങിയ വിഷയങ്ങളിലും ഔട്ട്റീച്ച് സെഷനിൽ ചർച്ചകൾ കേന്ദ്രീകരിക്കും. കൂടാതെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രാൻസിസ് മാർപാപ്പ എന്നിവരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തിയേക്കും.

കുടിയേറ്റം, മനുഷ്യക്കടത്ത്, കാലാവസ്ഥാ വ്യതിയാനം, ചൈനയുടെ വ്യാവസായിക നയങ്ങൾ, സാമ്പത്തിക സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഇന്ന് ഉച്ചകോടിയിൽ ചർച്ച ചെയ്യും. ബീജിംഗുമായുള്ള വ്യാപാര സംഘർഷം ഒഴിവാക്കുന്ന കാര്യങ്ങളിലും തീരുമാനമെടുത്തേക്കും. ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചൈനയുമായി ചർച്ചകൾ നടത്താനും, രാജ്യങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കാനും ജി 7 നേതാക്കൾ ലക്ഷ്യമിടുന്നുണ്ട്.

SCROLL FOR NEXT