മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ഇന്ത്യൻ സന്ദർശനത്തിനിടെ ഏകദേശം 3,000 കോടി രൂപയുടെ സുപ്രധാന കരാറിൽ ഒപ്പുവെച്ച് ഇന്ത്യ. ദ്വീപുമായുളള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് കരാർ പ്രഖ്യാപനം. ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് 400 മില്യൺ ഡോളറിൻ്റെ കറൻസി വിനിമയ കരാറിൽ രാജ്യം ഒപ്പുവെച്ചത്.
ഇന്ത്യയിലേക്കുള്ള മുയിസുവിൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനം ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മാലിദ്വീപിൻ്റെ വിദേശനാണ്യ ശേഖരത്തിലെ പ്രശ്നങ്ങൾ മറികടക്കാൻ ഈ കറൻസി വിനിമയ കരാർ സഹായിച്ചേക്കും. രണ്ട് കക്ഷികൾ അവരുടെ വായ്പയുടെ മുതലും പലിശയും ഒരു നിശ്ചിത കാലയളവിലായി, വ്യത്യസ്ത കറൻസികളിൽ കൈമാറ്റം ചെയ്യുന്ന സാമ്പത്തിക കരാറാണ് ഇത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്ഥിതിചെയ്യുന്ന മാലിദ്വീപിനെ പ്രധാന സമുദ്ര അയൽരാജ്യമായാണ് ഇന്ത്യ കണക്കാക്കുന്നത്. ദ്വീപിൽ ചൈനയുടെ സ്വാധീനം തടയാമെന്നാണ് ഇത്തരം നിക്ഷേപങ്ങൾ കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിൻ്റെ ഉടമസ്ഥതയിലുള്ള സാമ്പത്തിക സേവനമായ നാഷണൽ പേയ്‌മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യ നൽകുന്ന 'റുപേ കാർഡ്' ലോഞ്ച് ചെയ്യാനുള്ള ഉഭയകക്ഷി നടപടികളും രാജ്യം കൈക്കൊണ്ടിട്ടുണ്ട്.
നാല് ദിവസത്തെ സന്ദർശനത്തിനായാണ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവും പ്രഥമ വനിത സാജിത മുഹമ്മദും ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ അടുത്ത സുഹൃത്താണ് മാലിദ്വീപെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം. അയൽരാജ്യങ്ങൾക്ക് പ്രഥമപരിഗണന നൽകുന്ന നയമാണ് ഇന്ത്യക്കെന്നും ദ്വീപിൻ്റെ സാമ്പത്തിക, ആരോഗ്യ മേഖലകളിൽ രാജ്യം നൽകിയ അടിയന്തര സഹായങ്ങളെ കുറിച്ചും മോദി സംസാരിച്ചു.
കോവിഡ് മഹാമാരിക്കിടെ ഏകദേശം ആറു ലക്ഷം വാക്സിനുകളാണ് ഇന്ത്യ മാലിദ്വീപിനായി വിതരണം ചെയ്തത്. ഇത് രാജ്യത്തിന് ദ്വീപിനോടുള്ള സൗഹൃദമാണ് വ്യക്തമാക്കുന്നതെന്ന് മോദി അടിവരയിട്ട് പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ മാലിദ്വീപിന് പ്രധാന പങ്കുണ്ട്. രാജ്യത്ത് ഒരു വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും 700 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ കൈമാറുകയും ചെയ്തു, കൂടാതെ തിലഫുഷിയിൽ പുതിയ തുറമുഖത്തിൻ്റെ നിർമാണത്തെ പിന്തുണയ്ക്കാനും രാജ്യം പദ്ധതിയിടുന്നുണ്ട്. മാലിദ്വീപിലെ 28 ദ്വീപുകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതി വഴി 30,000-ത്തിലധികം ആളുകൾക്ക് ഇപ്പോൾ ശുദ്ധജലം ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
അതേസമയം, മാലിദ്വീപിൽ ഇന്ത്യയുടെ നിക്ഷേപം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാമെന്ന് പ്രതീക്ഷിക്കുന്നതായി മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു പറഞ്ഞു. ദ്വീപിൽ ശുദ്ധജലം നൽകുന്നതിലും മലിനജല സംസ്‍കരണത്തിനും ഇന്ത്യ സഹായിച്ചിട്ടുണ്ട്. മാലിദ്വീപിൻ്റെ സാമൂഹിക-സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്. വർഷങ്ങളായി നൽകുന്ന ഉദാരമായ സഹായത്തിനും സഹകരണത്തിനും പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നെന്നും മുയിസു കൂട്ടിച്ചേർത്തു.
രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ക്ഷണപ്രകാരമാണ് മുയിസു ഇന്ത്യയിലെത്തിയത്. ജൂണില്‍ നടന്ന നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മുയിസു ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ അന്ന് കാര്യമായ രാഷ്ട്രീയ ചർച്ചകൾ നടന്നിരുന്നില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് സർക്കാർ. ചൈനയെ അനുകൂലിക്കുന്ന നിലപാടുകളുള്ള മുയിസു മാലിദ്വീപ് പ്രസിഡൻ്റ് ആയതിനു ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു.