NEWSROOM

ത്രിരാഷ്ട്ര സന്ദർശനത്തിനൊരുങ്ങി മോദി; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയ സന്ദർശനം 17 വർഷങ്ങൾക്ക് ശേഷം

നൈജീരിയൻ പ്രസിഡൻ്റ് ബൊല അഹ്മദ് ടിനുബുവിൻ്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക് യാത്ര തിരിക്കും. 17 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നൈജീരിയൻ പ്രസിഡൻ്റ് ബൊല അഹ്മദ് ടിനുബുവിൻ്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. ഇന്ന് രാത്രിയോടെ മോദി നൈജീരിയിലെത്തും.

രണ്ട് ദിവസം നൈജീരിയയിൽ തങ്ങുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം അവലോകനം ചെയ്യാനും, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഉന്നത നേതൃത്വവുമായി ചർച്ച നടത്തും. നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. 2007 മുതൽ ഇന്ത്യയും നൈജീരിയയും സാമ്പത്തിക, ഊർജ്ജ, പ്രതിരോധ സഹകരണത്തോടെയുള്ള തന്ത്രപ്രധാന പങ്കാളികളാണ്. ഇരു രാജ്യങ്ങളും ശക്തമായ വികസന സഹകരണ പങ്കാളിത്തവും പങ്കിടുന്നുണ്ട്.

തുടർന്ന് ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളും സന്ദർശിക്കും. ബ്രസീലിൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈ മാസം 18നാണ് മോദി ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയിലേക്ക് പോകുക. തുടർന്ന്, ഗയാനയിൽ കാരികോം-ഇന്ത്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആറ് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി യാത്ര തിരിക്കുന്നത്.

SCROLL FOR NEXT