NEWSROOM

പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും

Author : ന്യൂസ് ഡെസ്ക്



വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി, മേയർ ആര്യ രാജേന്ദ്രൻ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഉപ്പെടെയുള്ളവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ന് രാത്രി രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുക. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം കാണും.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് നിയന്ത്രണം ഉണ്ടാവുക. നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ്. തുറമുഖ കവാടത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയ വിശിഷ്ടാതിത്ഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. എന്നാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ക്ഷണക്കത്ത് അയച്ചത് അനുചിതമെന്ന് വിലയിരുത്തിയാണ് തീരുമാനം.

SCROLL FOR NEXT