നരേന്ദ്ര മോദി 
NEWSROOM

'ഭാരത് മാതാ കീ ജയ്' കേവലമൊരു മുദ്രാവാക്യമല്ല, സൈനികരുടെ പ്രതിജ്ഞയാണ്: പ്രധാനമന്ത്രി

രാജ്യത്തിനെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ കാത്തിരിക്കുന്നത് മഹാവിനാശമാണെന്ന് പറഞ്ഞ മോദി ഭാരത് മാതാ കീ ജയ്‌യുടെ പ്രാധാന്യം പ്രസംഗത്തിലുടനീളം ആവർത്തിച്ചു

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളും, വ്യോമതാവളങ്ങളും മാത്രമല്ല, അവരുടെ അതിഹീനമായ നിര്‍മിതികളെയും ധിക്കാരത്തെയും കൂടിയാണ് ഇല്ലാതാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ്റെ ഉറക്കം നഷ്ടപ്പെട്ടു. രാജ്യത്തിനെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ കാത്തിരിക്കുന്നത് മഹാവിനാശമാണെന്ന് പറഞ്ഞ മോദി ഭാരത് മാതാ കീ ജയ്‌യുടെ പ്രാധാന്യം പ്രസംഗത്തിലുടനീളം ആവർത്തിച്ചു. പാകിസ്ഥാൻ സൈന്യം പലതവണ ലക്ഷ്യമാക്കിയ പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

"നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് കൃത്യതയോടെ എത്തിച്ചേര്‍ന്നെന്ന് വളരെ അഭിമാനത്തോടെ ഞാന്‍ പറയുന്നു....യുദ്ധക്കളത്തിലും ദൗത്യങ്ങളിലും 'ഭാരത് മാതാ കീ ജയ്' മുഴങ്ങി. ഇന്ത്യയിലെ സൈനികർ മാ ഭാരതി എന്ന് പറയുമ്പോൾ ശത്രുക്കളുടെ ഉള്ളം വിറയ്ക്കും...," പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാകുന്ന ഓരോ സൈനികന്റെയും ദൃഢനിശ്ചയമാണ് 'ഭാരത് മാതാ കീ ജയ്'. രാജ്യത്തിനുവേണ്ടി ജീവിക്കാനും രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനും ആഗ്രഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണിതെന്നും മോദി കൂട്ടിച്ചേർത്തു. ആണവഭീഷണി ഇന്ത്യയോട് വേണ്ടെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി.

"ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തിന്‍റെ ശക്തി ലോകം കണ്ടു 140 കോടി ഇന്ത്യക്കാരുടെ ചേതനയാണ് അതില്‍ പ്രതിഫലിക്കുന്നത്. ഭാരത് മാതാ കീ ജയ് എന്നത് കേവലമൊരു മുദ്രാവാക്യം മാത്രമല്ല. അത്, ഈ രാജ്യത്തെ ഓരോ സൈനികന്റെയും പ്രതിജ്ഞയാണ്. ന്യൂക്ലിയര്‍ ബ്ലാക്ക് മെയില്‍ ഇന്ത്യ തൂത്തെറിഞ്ഞപ്പോള്‍, ശത്രുക്കളും ഭാരത് മാതാ കീ ജയ്‌യുടെ പ്രാധാന്യം മനസിലാക്കി," മോദി പറഞ്ഞു.

പാകിസ്ഥാനിൽ കയറി ഭീകരരെ മണ്ണോട് ചേർത്തുവെന്ന് പ്രധാനമന്ത്രി അഭിമാനപൂർവം പറഞ്ഞു. പാകിസ്ഥാന്‍ യാത്രാവിമാനത്തെ മറയാക്കി ആക്രമണം നടത്തി.  നമ്മുടെ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടെങ്കിലുംഇന്ത്യയുടെ വ്യോമപ്രതിരോധം തകർക്കാനായില്ല.

"നിങ്ങളെല്ലാവരും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അഭിമാനഭരിതരാക്കി, ഓരോ ഇന്ത്യക്കാരന്റെയും അമ്മമാരെ അഭിമാനഭരിതരാക്കി. നിങ്ങൾ ചരിത്രം സൃഷ്ടിച്ചു...ഓപ്പറേഷന്‍ സിന്ദൂറില്‍ തളര്‍ന്നുപോയ ശത്രുക്കള്‍ ഈ വ്യോമതാവളം ഉള്‍പ്പെടെ നമ്മുടെ പല വ്യോമതാവളങ്ങളെയും ആക്രമിക്കാന്‍ പല തവണ ശ്രമിച്ചു. അവര്‍ പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു, പക്ഷേ ഓരോ തവണയും അത് പരാജയപ്പെട്ടു,"പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്ഥാന്റെ ഡ്രോണുകൾ, അവരുടെ യുഎവികൾ, വിമാനങ്ങൾ, മിസൈലുകൾ എന്നിവ നമ്മുടെ വ്യോമ പ്രതിരോധത്തിന് മുന്നിൽ പരാജയപ്പെട്ടുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ വ്യോമസേനയിലെ സൈനികർക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി സേന മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് എടുത്തുപറഞ്ഞു. 'ഭാരത് മാതാ കീ ജയ്' വിളികളോടെയാണ് സൈനികർ പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്തത്. 

ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ന്യൂ നോര്‍മല്‍ ആണെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ, മൂന്ന് കാര്യങ്ങളാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ആദ്യത്തേത്, ഇനിയുമൊരു ഭീകരാക്രമണം ഇന്ത്യക്കെതിരെ ഉണ്ടായാല്‍, ഞങ്ങള്‍ ഞങ്ങളുടെ രീതിയില്‍, സമയത്ത് അതിനൊരു മറുപടി നല്‍കും. രണ്ടാമത്തേത്, ആണവ ബ്ലാക്ക് മെയ്‌ലിങ്ങിനോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ല.മൂന്നാമത്തേത്, ഭീകരരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നവരെയും വെവ്വേറെ കാണുന്നില്ല. ഇന്ത്യയുടെ പുതിയ ഭാവവും സംവിധാനവും മനസിലാക്കിയാണ് ലോകവും മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിനാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടപ്പിലാക്കിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഒൻപത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. 'ഭീകരവാദത്തിന്റെ സ‍ർവകലാശാലകൾ' എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച ഈ കേന്ദ്രങ്ങൾ എല്ലാംതന്നെ ഇന്ത്യൻ സൈന്യം വിജയകരമായി തക‍ർത്തു. 100ഓളം ഭീകരവാദികളെ കൊലപ്പെടുത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിരവധി പാക് സൈനിക കേന്ദ്രങ്ങളും സേന നശിപ്പിച്ചു.

SCROLL FOR NEXT