നരേന്ദ്ര മോദി 
NEWSROOM

'വഖഫ് നിയമ ഭേദഗതി ഭൂമാഫിയകൾക്ക് പൂട്ടിടാന്‍'; പുതിയ മാറ്റങ്ങള്‍ പാവങ്ങളെ കൊള്ളയടിക്കുന്നതിന് തടയിടുമെന്ന് പ്രധാനമന്ത്രി

രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് വഖഫ് നിയമത്തിൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തിയെന്നും നരേന്ദ്ര മോദി ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

വഖഫ് നിയമ ഭേദഗതി ഭൂമാഫിയകൾക്ക് പൂട്ടിടാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമം പാവങ്ങളെ കൊള്ളയടിക്കുന്നതിന് തടയിടും. നേരത്തെ ഉണ്ടായിരുന്നത് ഭൂമി തട്ടിപ്പാണെന്നും ഭേദ​ഗതിയെ ന്യായീകരിച്ചുകൊണ്ട് മോദി പ്രസ്താവിച്ചു. ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


വഖഫ് നിയമ ഭേദഗതിയിലെ കോണ്‍ഗ്രസ് നിലപാടിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കോണ്‍ഗ്രസ് മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും പുതിയ നിയമത്തോടുള്ള അവരുടെ എതിർപ്പ് ഇത് തെളിയിക്കുന്നതാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസ് എന്തുകൊണ്ടാണ് ഒരു മുസ്ലീം പ്രസിഡന്റിനെ നാമനിർദേശം ചെയ്യാത്തത്? എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ടിക്കറ്റുകളുടെ 50 ശതമാനം മുസ്ലീം സ്ഥാനാർത്ഥികൾക്കായി നീക്കിവയ്ക്കുന്നില്ലെന്നും മോദി ചോദിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് വഖഫ് നിയമത്തിൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തിയെന്നും നരേന്ദ്ര മോദി ആരോപിച്ചു. ആ മാറ്റങ്ങൾ ഭരണഘടനയെ തലകീഴായി മാറിച്ചിട്ടു. ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി വഖഫ് സ്വത്താണ്. എന്നാല്‍ ഈ സ്വത്തുക്കളിൽ നിന്ന് ചില ഭൂമാഫിയകൾക്ക് മാത്രമേ പ്രയോജനം ലഭിച്ചുള്ളൂ. ഈ മാഫിയ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും വിധവകളുടെയും ഭൂമി കൊള്ളയടിച്ചിരുന്നു. വഖഫ് നിയമത്തിലെ പുതിയ മാറ്റങ്ങൾക്ക് ശേഷം ദരിദ്രരെ കൊള്ളയടിക്കുന്നത് അവസാനിക്കും. പുതിയ വഖഫ് നിയമപ്രകാരം, ആദിവാസികളുടെ ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്കും പസ്മാന്ദ മുസ്ലീങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി അവകാശവാദം ഉന്നയിച്ചു.


ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിച്ചുകൊണ്ട്, ഡോ. അംബേദ്കറുടെ പോരാട്ടം തന്റെ സർക്കാരിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ എല്ലാ തീരുമാനങ്ങളും നയങ്ങളും അംബേദ്കറിന് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി അവിടെയും കോണ്‍ഗ്രസിനെ പ്രതി ചേർക്കാന്‍ മറന്നില്ല. കോണ്‍ഗ്രസ് ഭരണഘടനയെ അധികാരം നേടാനുള്ള ഉപകരണമാക്കി മറ്റിയെന്നായിരുന്നു മോദിയുടെ ആരോപണം. അടിയന്താരവസ്ഥ കാലത്ത് ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതാക്കിയെന്നും കോണ്‍ഗ്രസ് സെക്കുലർ സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും എടുത്തുകാട്ടി. മതപരമായ കാരണങ്ങളാൽ സംവരണം ഏർപ്പെടുത്തുന്നത് ബി.ആർ. അംബേദ്കർ തള്ളിക്കളഞ്ഞതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, അംബേദ്കറുടെ ദർശനങ്ങൾക്കനുസൃതമായല്ല സർക്കാർ പ്രവർത്തിക്കുന്നതെന്നും വെറും  അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖർഗെ തിരിച്ചടിച്ചു. കോണ്‍ഗ്രസും നെഹ്റുവും ഇതുവരെ ചെയ്ത കാര്യങ്ങള്‍ക്ക് എതിരായി മാത്രമാണ് ബിജെപി സംസാരിക്കുന്നത്. അവരെന്താണ് ഇതുവരെ ചെയ്തത്? ബാബാ സാഹിബിന്‍റെ ഏത് ആശയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും ഖർഗേ ചോദിച്ചു.

SCROLL FOR NEXT