NEWSROOM

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് നൂറിലധികം ഭീകരര്‍; ദൗത്യം തുടരും, പാകിസ്ഥാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കും: രാജ്‍നാഥ് സിങ്

പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിൽ രാവിലെ 11 മണിയോടെ ചേർന്ന സർവകക്ഷി യോഗം അവസാനിച്ചു

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. പാകിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. "സിന്ദൂർ ഒരു തുടർച്ചയായ ഓപ്പറേഷനാണ്. എന്നാൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പക്ഷേ, പാകിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കും". ദേശീയ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ വിശദാംശങ്ങളും പങ്കിടാൻ ഈ ഘട്ടത്തിൽ സർക്കാരിന് കഴിയില്ലെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണ പിന്തുണയും യോഗത്തില്‍ പ്രഖ്യാപിച്ചു.



ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. അളന്നുതൂക്കിയതും സംഘർഷം ഉയർത്താത്തതും ആനുപാതികവും ഉത്തരവാദിത്തമുള്ളതുമായ സൈനിക നടപടിയാണ് ഇന്ത്യ നടത്തിയതെന്ന് മന്ത്രിമാർ യോഗത്തിൽ വിശദീകരിച്ചു. ആക്രമണം നടത്തിയ ഭീകര കേന്ദ്രങ്ങളെപ്പറ്റി പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും വിശദീകരിച്ചു. 100 ഭീകരെയെങ്കിലും സൈന്യം വധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പാകിസ്ഥാനിലെ നാലും പാക് അധീന കശ്മീരിലെ അഞ്ചും ഭീകരകേന്ദ്രങ്ങൾ തകർത്തെന്ന് സർക്കാർ അറിയിച്ചു. പഹൽഗാം ആക്രമണത്തിൽ പാക് ഡീപ് സ്റ്റേറ്റിന് പങ്കുണ്ട്. പാകിസ്ഥാന്‍ തിരിച്ചടിച്ചാൽ പ്രത്യാക്രമണത്തിന് ഇന്ത്യൻ സൈന്യം സജ്ജമാണെന്നും സർക്കാർ അറിയിച്ചു.



പ്രധാനമന്ത്രിയുടെ സന്ദേശം കേന്ദ്ര മന്ത്രിമാർ വായിച്ചു. ഇന്ത്യയുടെ ഐക്യം തകർക്കുകകയാണ് ഭീകരരുടെ ലക്ഷ്യം. ഭീകരവാദത്തിനെതിരായ നടപടികളിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് നരേന്ദ്ര മോദി സന്ദേശത്തിൽ പറഞ്ഞു. ഭീകരതയ്ക്ക് എതിരായ നീക്കങ്ങൾക്ക് സർക്കാരിന് പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സേനയുടെ മനോധൈര്യം തകർക്കുന്നതൊന്നും ചെയ്യരുതെന്ന് യോഗത്തിൽ ആവശ്യം ഉയർന്നുവെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസും പ്രതികരിച്ചു.

യോഗത്തിൽ കേന്ദ്രത്തിന് പറയാനുള്ളത് കേട്ടു, പ്രതിസന്ധി സമയത്ത് സര്‍ക്കാരിനൊപ്പമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ പ്രതികരിച്ചു. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തതിലെ അതൃപ്തിയും അദ്ദേഹം മറച്ചുവച്ചില്ല. പ്രധാനമന്ത്രി പാര്‍ലമെന്റിന് അതീതനാണെന്ന് കരുതുന്നുണ്ടോ? എന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. പ്രതിസന്ധി സാഹചര്യം പരിഗണിച്ച് ആരെയും വിമര്‍ശിക്കുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല.



ഇന്ത്യൻ സൈന്യത്തിൻ്റെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും എല്ലാ കക്ഷിനേതാക്കളും അഭിനന്ദിച്ചെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യോഗത്തിൽ പങ്കെടുത്തവർ എല്ലാം പക്വതയോടെയാണ് ഇടപെട്ടത്. പ്രതിപക്ഷ കക്ഷികൾ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും റിജിജു പറഞ്ഞു.



പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിലായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മന്ത്രിമാരായ ജെ.പി. നദ്ദ, നിർമല സീതാരാമൻ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, എഎപിയുടെ സഞ്ജയ് സിംഗ്, ശിവസേനയുടെ സഞ്ജയ് റാവത്ത്, എൻസിപിയുടെ സുപ്രിയ സുലെ, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, ബിജെഡിയുടെ സസ്മിത് പത്ര, സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങി വിവിധ കക്ഷിനേതാക്കള്‍ പങ്കെടുത്തു.

SCROLL FOR NEXT