സംസ്ഥാനത്ത് പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. അവസാനത്തെ സംഭവവുമല്ല. പൊലീസ് സ്റ്റേഷനില്‍ ഇതാണ് ഗതിയെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ നീതി കിട്ടുമെന്നും പി.എം.എ സലാം ചോദിച്ചു.
ജനങ്ങള്‍ ആരെ വിശ്വസിക്കും. സര്‍ക്കാരും ആഭ്യന്തര വകുപ്പും കോപ്രായങ്ങള്‍ കാണിക്കുകയാണ്. എല്ലാ ക്രിമിനലുകളുടേയും അങ്കിള്‍ ആണ് മുഖ്യമന്ത്രി.
സുജിത് ദാസിനെതിരെ നേരത്തേ ഉയര്‍ന്നുവന്ന പരാതികളില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ല. മുഖ്യമന്ത്രിയും എംഎല്‍എയും സംസാരിച്ചാല്‍ എല്ലാം സെറ്റില്‍മെന്റ് ആക്കാനാകില്ല. സ്ത്രീ പരാതി നല്‍കിയിട്ട് എഫ്‌ഐആര്‍ ഇടാത്തത് എന്തുകൊണ്ടാണ്. ആരോപണവിധേയനായ വ്യക്തി മുട്ടുന്യായം പറയുകയല്ല വേണ്ടതെന്നും പി.എം.എ സലാം പറഞ്ഞു.
സിനിമാ രംഗത്തെ പരാതികള്‍ പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ വര്‍ഷങ്ങളോളം പൂഴ്ത്തിവെച്ചു. ആരോപണവിധേയരായ ആളുകളെ മാറ്റി നിര്‍ത്തണം. സ്വതന്ത്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ആഭ്യന്തര സ്ഥാനം ഒഴിയണമെന്നും സംസ്ഥാന സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ പറ്റാത്ത ഏജന്‍സി കേസ് അന്വേഷിക്കണമെന്നും പി.എം.ഒ സലാം ആവശ്യപ്പെട്ടു.