NEWSROOM

പി.എം.എ. സലാമിൽ നിന്നും വിശദീകരണം വേണം; സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പരാതി നൽകി എസ് വൈ എസ്

സുന്നി വിശ്വാസധാരയെ ഇകഴ്ത്തുന്നതും പരിഹസിക്കുന്നതുമാണ് പി.എം.എ. സലാമിന്റെ വാചകങ്ങൾ എന്നും പരാതിയിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കി എസ്‌വൈഎസ്. ആലുവയില്‍ വെച്ച് നടന്ന ലീഗ് ക്യാംപില്‍ സുന്നികളെ അധിക്ഷേപിച്ചു സംസാരിച്ചു എന്ന വാദത്തിന് പിന്നാലെയാണ് സലാമില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് എസ് വൈഎസ് തങ്ങള്‍ക്ക് പരാതി നല്‍കിയത്.

പി.എം.എ. സലാമിന്റെ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്നും ഇതിന് മുന്‍പും സമസ്തയ്‌ക്കെതിരെയും സമസ്ത നേതാക്കള്‍ക്കെതിരെയും സമാനമായ രീതിയില്‍ പിഎംഎ സലാം പ്രതികരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

സുന്നി ആദര്‍ശത്തെ അപഹസിക്കുന്ന സലാമിന്റെ വാക്കുകള്‍ അംഗീകരിക്കാന്‍ ആവില്ല. സുന്നി വിശ്വാസ ധാരയെ ഇകഴ്ത്തുന്നതും പരിഹസിക്കുന്നതുമാണ് പി.എം.എ. സലാമിന്റെ വാചകങ്ങള്‍ എന്നും പരാതിയില്‍ പറയുന്നു. എസ്.കെ.എസ്.എസ്.എഫിന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ആലുവയില്‍ നടന്ന ജില്ലാ ലീഗ് ക്യാമ്പിലെ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി.എം.എ. സലാം രംഗത്തെത്തിയിരുന്നു. പ്രയോഗങ്ങള്‍ക്ക് മറ്റൊരു വ്യാഖ്യാനം വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് പി.എം.എ സലാം പറഞ്ഞത്.

സുന്നികളെ അധിക്ഷേപിച്ചു എന്ന ആരോപണത്തിന് വിശദീകരണവുമായാണ് പി.എം.എ. സലാമിന്റെ പോസ്റ്റ്. തന്റെ പ്രസംഗത്തെ പറ്റി തെറ്റിദ്ധാരണ പടര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. സദുദ്ദേശ്യത്തോടെയാണ് എറണാകുളത്ത് പ്രസംഗിച്ചത്. പ്രയോഗങ്ങള്‍ക്ക് മറ്റൊരു വ്യാഖ്യാനം വന്നതില്‍ ഖേദിക്കുന്നുവെന്നും സലാം പറഞ്ഞു.

പി.എം.എ. സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുന്നി ആശയങ്ങളെ അംഗീകരിക്കുന്ന മുസ്ലീം ലീഗ് ബഹുഭൂരിപക്ഷത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണത അംഗീകരിക്കാനാകില്ല എന്നായിരുന്നു എസ്‌കെഎസ്എസ്എഫിന്റെ വിമര്‍ശനം.

SCROLL FOR NEXT