പ്രമോദ് കോട്ടൂളി, പി മോഹനൻ 
NEWSROOM

പി.എസ്.സി കോഴ വിവാദം: പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ല; എല്ലാം മാധ്യമങ്ങൾ സൃഷ്ടിക്കുന്ന കോലാഹലമെന്ന് പി.മോഹനൻ

പാർട്ടിയെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പി. മോഹനൻ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പി.എസ്.സിയില്‍ അംഗത്വം നല്‍കുന്നതിനായി സിപിഎം നേതാവ് പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ജില്ല സെക്രട്ടറി പി.മോഹനന്‍. കോഴ വിവാദത്തില്‍ പാര്‍ട്ടിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കോലാഹലമാണെന്നും പി മോഹനന്‍ പ്രതികരിച്ചു.

തെറ്റായ പ്രവണതകള്‍ ഒരു കാരണവശാലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാറുണ്ട്. അന്നും ഇന്നും എന്നും പാര്‍ട്ടിയുടെ നിലപാട് അതാണ്. മനഃപൂര്‍വ്വം പാര്‍ട്ടിയെയും പിഎ മുഹമ്മദ് റിയാസിനെയും കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങള്‍ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് അറിവില്ലാത്ത കാര്യമാണ്. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കലാണോ പാര്‍ട്ടിയുടെ പണിയെന്നും പി മോഹനന്‍ ചോദിച്ചു.

അതേസമയം പരാതിക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചത്. കേസെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. മന്ത്രി പി എ മുഹമ്മദ് റിയാസ് വഴി പി.എസ്.സിയില്‍ അംഗത്വം ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നുവന്നത്. 60 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആദ്യ ഗഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. 

SCROLL FOR NEXT