NEWSROOM

പോക്‌സോ കേസ്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

കോഴിക്കോട് കസബ പൊലീസ് കഴിഞ്ഞ ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് ആശ്വാസം. കൂട്ടിക്കല്‍ ജയചന്ദ്രനെതിരെയുള്ള അറസ്റ്റ് നടപടികള്‍ സുപ്രീം കോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.



പോക്‌സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ പരാതിയാണ് ഇതെന്നാണ് നടൻ്റെ വാദം. കോഴിക്കോട് കസബ പൊലീസ് കഴിഞ്ഞ ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. കേസില്‍ നടന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.



നാല് വയസുകാരിയെ ജയചന്ദ്രന്‍ ഉപദ്രവിച്ചെന്നാരോപിച്ച് ബന്ധു നല്‍കിയ പരാതിയില്‍ 2024 ജൂണിലാണ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. എന്നാല്‍, തന്നോടുള്ള മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അനാവശ്യമായി പ്രതി ചേര്‍ത്തതാണെന്നാണ് ജയചന്ദ്രന്റെ വാദം.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. കുട്ടി നല്‍കിയ മൊഴിയുടേയും മെഡിക്കല്‍ പരിശോധനയുടേയും അടിസ്ഥാനത്തില്‍ ഇത് ഗുരുതരമായ കേസാണെന്നും ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

SCROLL FOR NEXT