NEWSROOM

ചോറ്റാനിക്കരയിൽ ക്രൂര മർദനത്തിനിരയായ പോക്സോ അതിജീവിത മരിച്ചു

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തായ അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്‍റെ ആക്രമണത്തിന് ഇരയായ പോക്സോ കേസ് അതിജീവിത മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പെണ്‍കുട്ടിക്ക് തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തായ അനൂപിൽ നിന്നും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് അനൂപ് പൊലീസിന് നല്‍കിയ മൊഴി. വീട്ടിൽ അതിക്രമിച്ച് കയറി ആയുധം കൊണ്ട് ആക്രമിക്കൽ, വൈദ്യസഹായം നിഷേധിക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കാതിരുന്നത്. നിലവില്‍ പ്രതി 14 ദിവസത്തേക്ക് റിമാന്‍ഡിലാണ്.

ഞായറാഴ്ചയാണ് 19കാരിയെ അർദ്ധനഗ്നയായി അബോധാവസ്ഥയിൽ ചോറ്റാനിക്കരയിലുള്ള വീട്ടിലെ കട്ടിലിനോട് ചേർന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരമാസകലം മർദനമേറ്റ പാടുകളും കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുമുണ്ടായിരുന്നു. ഏതാനും നാളുകളായി ഒറ്റയ്ക്ക് താമസിക്കുന്ന പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയുടെയും ആൺസുഹൃത്തിൻ്റേയും മർദനം സഹിക്ക വയ്യാതേ അമ്മ മറ്റൊരിടത്തേയ്ക്ക് താമസം മാറ്റിയിരുന്നു.

ചുറ്റിക അടക്കം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ പ്രതി ആക്രമിച്ചത്. ഈ ക്രൂരമർദനം സഹിക്കവയ്യാതെ പെൺകുട്ടി ഷാൾ ഉപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രതി പറയുന്നത്. ഇതോടെ ഇയാൾ ഷാൾ അറുത്ത് പെൺകുട്ടിയെ നിലത്തിടുകയായിരുന്നുവെന്നും പറയുന്നു. പെൺകുട്ടി ഒച്ചവയ്ക്കാൻ ശ്രമിച്ചതോടേ വായയും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു. ഇതോടെ പെൺകുട്ടിയുടെ ബോധം നഷ്ടമായി. മരിച്ചെന്ന് കരുതി പുലർച്ചയോടെ ഇയാള്‍ കൂട്ടുകാർക്കൊപ്പം ബൈക്കിൽ കടന്നുകളഞ്ഞു. പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും വാങ്ങിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പെൺകുട്ടിയെ താൻ ലഹരിക്ക് അടിമയാക്കിയെന്ന് പ്രതി അനൂപ് അന്വേഷണ സംഘത്തിന് മുമ്പാകെ സമ്മതിച്ചിരുന്നു. അനൂപ് മുൻപ് ലഹരിക്കേസടക്കം മൂന്ന് കേസുകളിൽ പ്രതിയാണ്.

SCROLL FOR NEXT