NEWSROOM

കെ.വി. സുധാകരന്‍ സ്മാരക സാഹിത്യ അവാര്‍ഡ് ആദിയുടെ പെണ്ണപ്പന്

മലയാള കവിതയുടെ അഭിമാനകരമായ വര്‍ത്തമാനത്തെ സാക്ഷ്യപ്പെടുത്തുന്ന കാവ്യ സങ്കലനമാണ് ആദിയുടെ കവിതകള്‍ എന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

Author : ന്യൂസ് ഡെസ്ക്



2024 ലെ കെ.വി. സുധാകരന്‍ സ്മാരക സാഹിത്യ അവാര്‍ഡിന് ആദി യുടെ ''പെണ്ണപ്പന്‍ ''എന്ന കവിതാസാമാഹാരം തെരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഡോ. പത്മനാഭന്‍ കാവുമ്പായി, എ.വി. പവിത്രന്‍, ഡോ. സന്തോഷ് വള്ളിക്കാട്, എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുസ്തകം അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

അയച്ചു കിട്ടിയ എഴുപത്തിയൊന്ന് കൃതികളില്‍ നിന്നാണ് ''പെണ്ണപ്പന്‍'' എന്ന കവിതാ സമാഹാരം അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മികച്ച മുപ്പത്തിയഞ്ചു കവിതകളടങ്ങിയതാണ് പെണ്ണപ്പന്‍ എന്ന കവിതാസമാഹാരം.

പ്രമേയ സ്വീകരണത്തിലെ വ്യത്യസ്തതയും ഭാഷയുടെയും ബിംബ കല്‍പനകളുടെയും സ്വീകരണത്തിലെ സൂക്ഷ്മ ശ്രദ്ധയും ഭാവുകത്വവും പുതു കവിതയുടെ തിളക്കവും വ്യവസ്ഥാപിത താല്‍പര്യങ്ങളോട് കവിത നടത്തുന്ന നിരന്തര കലഹ സ്വഭാവവും പെണ്ണപ്പനിലെ എല്ലാ കവിതകളിലുമുണ്ട്. മലയാള കവിതയുടെ അഭിമാനകരമായ വര്‍ത്തമാനത്തെ സാക്ഷ്യപ്പെടുത്തുന്ന കാവ്യ സങ്കലനമാണ് ആദിയുടെ കവിതകള്‍ എന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

കോഴിക്കോട് സ്വദേശിയാണ് ആദി. യുവകവിതാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമണ്‍'സ്, ആലുവ മലയാള വിഭാഗം മികച്ച എം.എ. പ്രബന്ധത്തിനായി ഏര്‍പ്പെടുത്തിയ പ്രൊഫ. മേരി ജൂലിയറ്റ് സ്മാരക പുരസ്‌ക്കാരം (2021) എന്നിവ നേടിയിട്ടുണ്ട്. കൊടുവള്ളി, സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയല്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദവും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ആദി ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ക്വീര്‍ രാഷ്ട്രീയം പ്രമേയമാക്കി ലേഖനങ്ങളും കവിതകളും എഴുതുന്നു.

ഡിസംബര്‍ മാസം ഏളയാട് യംഗ് സ്റ്റേര്‍സ് ക്‌ളബില്‍ നടത്തുന്ന പൊതുസമ്മേളത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.


SCROLL FOR NEXT