NEWSROOM

കർഷകരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ ഏലം തട്ടിയെടുത്ത് മുങ്ങി; പ്രതിയെ പൂട്ടി പൊലീസ്

പാലക്കാട് സ്വദേശി മുഹമ്മദ് നസീറാണ് അടിമാലി പൊലീസിൻ്റെ പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

ഹൈറേഞ്ച് മേഖലയിലെ കര്‍ഷകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നല്‍കാതെ മുങ്ങിയ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് നസീറാണ് ഇടുക്കി അടിമാലി പൊലീസിൻ്റെ പിടിയിലായത്. ആലപ്പുഴയില്‍ നിന്നാണ് അടിമാലി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ആലപ്പുഴയിൽ നിന്ന് പിടികൂടിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അടിമാലിയിൽ എത്തിച്ചിട്ടുണ്ട്. അവധി കച്ചവടത്തിന്റെ പേരില്‍ ഹൈറേഞ്ച് മേഖലയിലെ കര്‍ഷകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നല്‍കാതെ മുങ്ങിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. എന്‍ ഗ്രീന്‍ എന്ന കമ്പനിയുടെ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2023 ഒക്ടോബറിലാണ് കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കര്‍ഷകരില്‍ നിന്ന് ഏലക്ക സംഭരിച്ച് തുടങ്ങിയത്.

ഒരു മാസത്തെ അവധിക്ക് ഏലക്ക നല്‍കിയാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്ന് കിലോക്ക് 500 മുതല്‍ 1000 രൂപ വരെ അധികം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇയാൾ ഏലക്ക വാങ്ങിയത്. ആദ്യ രണ്ടുമാസം കൂടുതല്‍ തുക നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. ലക്ഷക്കണക്കിന് രൂപ ലഭിക്കാനുണ്ടെന്ന പരാതിയുമായി കര്‍ഷകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലും എസ്‌പിക്കും പരാതി നല്‍കുകയായിരുന്നു.

SCROLL FOR NEXT