NEWSROOM

ബംഗ്ലാദേശ് കലാപം: കർഫ്യു ലംഘിക്കുന്നവർക്കെതിരെ ഷൂട്ട് ഓൺ സൈറ്റ് ഉത്തരവ്

വെള്ളിയാഴ്ചയാണ് ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് ദേശീയ കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ കർഫ്യു ഏർപ്പെടുത്തിയതിന് പിന്നാലെ പൊലീസുകാർക്ക് ഷൂട്ട് ഓൺ സൈറ്റ് ഓർഡർ നൽകി സർക്കാർ ഉത്തരവ്. രാജ്യത്തെ സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ കർഫ്യു ലംഘിക്കുന്നവർക്കെതിരെയാണ് ഷൂട്ട് ഓൺ സൈറ്റ് ഓർഡർ നൽകിയത്. വെള്ളിയാഴ്ചയാണ് ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് ദേശീയ കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തത്. എന്നാൽ ജനങ്ങൾക്ക് അവശ്യ ജോലികൾ ചെയ്യാനായി ശനിയാഴ്ച ഉച്ചയോടെ കർഫ്യൂ ഭാഗികമായി നീക്കിയിരുന്നു. എന്നാൽ അനാവശ്യ യാത്രകളും കൂടിച്ചേരലുകളും സർക്കാർ നിരോധിച്ചിരുന്നു. പ്രക്ഷോഭത്തിൽ ഈ ആഴ്ച മാത്രം 133 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

അതേസമയം, ബംഗ്ലാദേശില്‍ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ തിരികെ എത്തിച്ചു തുടങ്ങി. ഇതുവരെ ആയിരത്തോളം പേരെയാണ് തിരികെയെത്തിച്ചത്. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സിവില്‍ ഏവിയേഷന്‍, ഇമിഗ്രേഷന്‍, ലാന്‍ഡ് പോര്‍ട്ടുകള്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയെ ഏകോപിപ്പിച്ചാണ് ഇന്ത്യന്‍ പൗരൻമാരെ നാട്ടില്‍ എത്തിക്കുന്നത്.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. 1971ലെ സംവരണ സംവിധാനം വീണ്ടും പ്രാവര്‍ത്തികമാക്കുവാന്‍ പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. വിവാദ സംവരണ നിയമപ്രകാരം സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം ക്വോട്ട 1971ലെ പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കാണ്. എന്നാല്‍ ഈ ക്വോട്ടയുടെ സൗകര്യം കിട്ടുന്നത് ഷേയ്ക്ക് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കാണെന്നാണ് ആരോപണം.

SCROLL FOR NEXT