ആലപ്പുഴ കലവൂരിൽ 73 കാരിയായ സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇനിയും പിടി കൂടാൻ ആയില്ല. സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം കടന്ന് കളഞ്ഞ മാത്യുസിനും ശർമിളക്കും വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. പൊലീസിൻ്റെ ജാഗ്രത കുറവാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമായത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കർണാടക സ്വദേശിനിയായ ശർമിള ഭര്‍ത്താവ് മാത്യൂസിനൊപ്പം ഉഡുപ്പിയിലേക്ക് കടന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിലേക്കും ഇതര സംസ്ഥാനമായ തമിഴ് നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
എന്നാൽ പ്രതികളിലേക്ക് എത്താൻ പൊലീസിന് ആയിട്ടില്ല എന്നാണ് സൂചന. അതേസമയം കലവൂർ കോർത്തുശ്ശേരിയിലെ ശർമിളയുടെയും മാത്യുസിന്റെയും വീട്ടിൽ സുഭദ്ര എത്തിയിരുന്നു എന്ന വിവരം ലഭിച്ചിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ശർമിളയോടും ഭാർത്താവ് മാത്യൂസിനോടും കഴിഞ്ഞമാസം 10നാണ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെടുന്നത്. ഹാജരാകാമെന്ന് പറഞ്ഞ ഇവരുവരും 9ന് തന്നെ നാട് വിട്ടു എന്നാണ് നിഗമനം. ഇരുവരും നാട്ടിൽ നിന്ന് കടന്ന് കളയാനുള്ള സാധ്യത മുൻകൂട്ടി കാണുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായി. വീടും പരിസരവും പൊലീസ് നേരത്തെ വിശദമായി പരിശോധിച്ചിരുന്നെങ്കിൽ കൊലപാതക വിവരം നേരത്തെ കണ്ടെത്താമായിരുന്നെന്നും പൊലീസിൻ്റെ ജാഗ്രത കുറവാണ് കൊലപാതക ശേഷം പ്രതികൾക്ക് സംസ്ഥാനം വിടാനുള്ള സാഹചര്യമൊരുക്കിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതേസമയം, സുഭദ്രയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ നിതിൻ മാത്യൂസിന്റേതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യുവിൻ്റെ കുടുംബം പറഞ്ഞു. കല്യാണത്തിന് ശർമിളയ്ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നുവെന്നും ആൻ്റി എന്നാണ് പരിചയപ്പെടുത്തിയതെന്നും നിതിൻ മാത്യൂസിന്റെ പിതാവ് ക്ളീറ്റസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും, കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ തർക്കം ഉണ്ടായിരുന്നുവെന്നും നിതിൻ മാത്യൂസിന്റെ പിതാവ് പറഞ്ഞു.
ALSO READ: വാളയാര്‍ കേസ്; എം.ജെ. സോജനെതിരായ കേസ് റദ്ദാക്കിയത് അംഗീകരിക്കാൻ കഴിയില്ല: പെണ്‍കുട്ടികളുടെ അമ്മ
കടവന്ത്രയില്‍ നിന്ന് കാണാതായ 73 കാരിയായ സുഭദ്രയെ ശര്‍മിളയുടെ വീട്ടില്‍ കണ്ടതായി നാട്ടുകാരും അറിയിച്ചിരുന്നു. സ്ഥിരമായി തീര്‍ഥാടനം നടത്താറുള്ള സുഭദ്ര മാത്യുവിനേയും ശര്‍മിളയെയും പരിചയപ്പെടുന്നതും തീര്‍ഥാടന വേളയിലാണ്. തീര്‍ഥാടനത്തിന് പോവുകയാണെന്ന് പറഞ്ഞാണ് സുഭദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് ലഭ്യമായ വിവരം. നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കാട്ടൂരില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.